News - 2026
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ട്രംപ്; ഇടപെടുമെന്ന് പ്രഖ്യാപനം
പ്രവാചകശബ്ദം 01-11-2025 - Saturday
വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയാണെന്നും സ്വന്തം ഉടമസ്ഥതയിലുള്ള 'ട്രൂത്ത് സോഷ്യല്‍' മീഡിയായില്‍ ട്രംപ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക കുറിപ്പ് ഇന്നലെയാണ് പുറത്തിറക്കിയത്. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നത് ഭാവി ഉപരോധങ്ങള്‍ക്കിടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
രാജ്യത്തു ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നൈജീരിയയെ "പ്രത്യേക ആശങ്കയുള്ള രാജ്യ''ങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കുകയാണെന്നും ക്രൈസ്തവരോ അല്ലെങ്കിൽ അത്തരം ഏതെങ്കിലും വിഭാഗം നൈജീരിയയിൽ നടക്കുന്നതുപോലെ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ, എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അംഗം റൈലി മൂർ, ചെയർമാൻ ടോം കോളും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയും ചേർന്ന് ഈ വിഷയം ഉടൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നൈജീരിയയിലും മറ്റ് നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ അമേരിക്കയ്ക്ക് നോക്കിനിൽക്കാൻ കഴിയില്ലായെന്നും ട്രംപ് കുറിച്ചു. ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും അതിനു കഴിവുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ ക്രൈസ്തവ സമൂഹം സമീപ വർഷങ്ങളിൽ വലിയ ഭീതിയിലാണ് കഴിയുന്നത്. ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതും നൈജീരിയയിലാണ്. എന്നാല്‍ ഈ വാദങ്ങളെ നിഷേധിച്ചു കൈയൊഴിയുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















