News

"കുമ്പസാരക്കൂട്ടിലെ നായകൻ" വാഴ്ത്തപ്പെട്ട പദവിയില്‍

പ്രവാചകശബ്ദം 18-11-2025 - Tuesday

റോം: കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം സമർപ്പിച്ച ഇറ്റാലിയന്‍ വൈദികന്‍ ഫാ. കാർമെലോ ഡി പാൽമ വാഴ്ത്തപ്പെട്ട പദവിയില്‍. ഇറ്റലിയിലെ ബാരിയിലെ സെന്റ് സ്കോളാസ്റ്റിക്കയിലെ വിശ്വാസികളുടെയും, വൈദികരുടെയും, സെമിനാരി വിദ്യാർത്ഥികളുടെയും, ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും കുമ്പസാര ശുശ്രൂഷയ്ക്കും ആത്മീയ മാർഗനിർദേശത്തിനുമായി ജീവിതം പൂര്‍ണ്ണമായി ഉഴിഞ്ഞുവെച്ച രൂപതാ വൈദികനായിരിന്നു ഫാ. കാർമെലോ. വൈദികന്റെ സാക്ഷ്യം ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ സേവനത്തിനായി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാൻ വൈദികരെ പ്രോത്സാഹിപ്പിക്കട്ടെയെന്ന് ലെയോ പാപ്പ ഞായറാഴ്ച പറഞ്ഞിരിന്നു.

നവംബർ 15 ശനിയാഴ്ച, ഇറ്റലിയിലെ ബാരി നഗരത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ "കുമ്പസാരക്കൂട്ടിലെ നായകൻ" എന്നറിയപ്പെടുന്ന ഫാ. കാർമെലോ ഡി പാൽമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു. രാവും പകലുമില്ലാതെ കുമ്പസാരത്തിനും ആത്മീയ സഹായത്തിനും ജീവിതം സമർപ്പിച്ച അദ്ദേഹം 1961-ലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്.

ആരായിരിന്നു ഫാ. കാർമെലോ ഡി പാൽമ? ‍

1876 ​​ജനുവരി 27 ന് ബാരിയിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കളുടെ വിയോഗശേഷം അനാഥനായ അദ്ദേഹം പത്താം വയസ്സിൽ സ്വന്തം നാട്ടിലെ സെമിനാരിയിൽ ചേർന്നു. 1898-ൽ നേപ്പിൾസിൽ വൈദികനായി നിയമിതനായി. 1900 ജൂൺ 17ന്, ബാരിയിലെ സെന്റ് നിക്കോളാസിന്റെ ബസിലിക്കയുടെ ചാപ്ലെയിനായി നിയമിതനായ അദ്ദേഹം, അവിടെ വിശുദ്ധ കുർബാന അർപ്പിച്ചും, അനേകരെ കുമ്പസാരിപ്പിച്ചും വിവിധ ഇടവക സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചും സേവനമനുഷ്ഠിച്ചു.

പിന്നീട്, പരിശുദ്ധ സിംഹാസനത്തിന്റെ കൽപ്പന പ്രകാരം ബസിലിക്ക ഡൊമിനിക്കൻ വൈദികരെ ഏൽപ്പിച്ചു. വൈകാതെ ബാരിയിലെ സാന്താ എസ്കോളാസ്റ്റിക്കയിലെ ബെനഡിക്റ്റൈൻ കന്യാസ്ത്രീകളുടെയും സെന്റ് ബെനഡിക്റ്റിന്റെ ഒബ്ലേറ്റുകളുടെയും ആത്മീയ ഡയറക്ടറായി ഫാ. കാർമെലോയെ നിയമിച്ചു. ഈ സമയത്ത്, വൈദികര്‍ക്കും സെമിനാരി വിദ്യാർത്ഥികൾക്കും സന്യസ്തര്‍ക്കും അദ്ദേഹം ആത്മീയ മാർഗനിർദേശങ്ങള്‍ നൽകി. അനേകര്‍ക്ക് കുമ്പസാര കൂദാശയുടെ ആത്മീയ ഫലങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.

വിട്ടുമാറാത്ത വൻകുടൽ പുണ്ണ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവയെ തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. അസുഖം കാരണം, അദ്ദേഹം തന്റെ മുറിയിലാണ് ബലിയര്‍പ്പണം തുടര്‍ന്നിരിന്നത്. ആരോഗ്യം പ്രതിസന്ധിയിലായപ്പോഴും കുമ്പസാരം കേൾക്കുന്നതും റൂമില്‍ തുടർന്നു. 1961 ഫെബ്രുവരിയിൽ, അദ്ദേഹം അവസാനമായി പരസ്യമായി കുർബാന അർപ്പിച്ചു. 1961 ഓഗസ്റ്റ് 24ന് അദ്ദേഹം നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »