News
ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 15-12-2025 - Monday
മാഡ്രിഡ്/ പാരീസ്: ഫ്രാൻസിലും സ്പെയിനിലും നാസികളുടെ ക്രൂരവാഴ്ചയ്ക്കിടെ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 174 വിശ്വാസികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഡിസംബർ 13 ശനിയാഴ്ച, പാരീസിലെ നോട്രഡാം കത്തീഡ്രലിലും സ്‌പെയിനിലെ ജെയ്ൻ കത്തീഡ്രലിലും നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേയാണ് പീഡനങ്ങളുടെ നടുവിലും ക്രിസ്തുവിനോട് വിശ്വസ്തത പുലർത്താൻ ജീവൻ നൽകിയ ദൈവദാസന്മാരെ വാഴ്ത്തപ്പെട്ട നിരയിലേക്ക് തിരുസഭ ഉയര്‍ത്തിയത്.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി മരണം വരിച്ച 124 രക്തസാക്ഷികളെ വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമരാരോ മുഖ്യകാര്‍മ്മികനായ വിശുദ്ധ കുര്‍ബാന മദ്ധ്യേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. "ക്രിസ്തുവിന്റെ സ്നേഹത്തിനുവേണ്ടി" ആത്യന്തിക ത്യാഗം ചെയ്തവരാണ് ഈ രക്തസാക്ഷികളെന്നും അവരുടെ മാതൃക ഇന്നും സമൂഹത്തിന്റെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടരുകയാണെന്നും കർദ്ദിനാൾ മാർസെല്ലോ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം, പാരീസിലെ നോട്രഡാം കത്തീഡ്രലിൽ, ലക്സംബർഗിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ചിന്റെ ആഭിമുഖ്യത്തിലാണ് രണ്ടാമത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന കര്‍മ്മം നടന്നത്. ഫ്രാൻസിൽ നടന്ന ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനമായിരുന്നു ഇത്. രൂപത വൈദികനായ ഫാ. റെയ്മണ്ട് കെയ്‌റെ, ഓർഡർ ഓഫ് ഫ്രിയേഴ്‌സ് മൈനറിലെ സന്യാസിയായ ജെറാർഡ്-മാർട്ടിൻ സെൻഡ്രിയർ, സെമിനാരി വിദ്യാര്‍ത്ഥി റോജർ വല്ലീ, 46 വിശ്വാസികള്‍ എന്നിവരെ ദിവ്യബലിയ്ക്കിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി.
കത്തോലിക്ക വിശ്വാസ പ്രഘോഷണത്തിന് ഹിറ്റ്‌ലർ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ മരണമടഞ്ഞവരാണ് വിശുദ്ധ പദവിയ്ക്കരികെ എത്തിയിരിക്കുന്നത്. ഹിറ്റ് ലര്‍ നിർബന്ധിത തൊഴിൽ സേവനത്തിനായി തെരഞ്ഞെടുത്ത യുവാക്കൾക്ക് ആത്മീയ സഹായം നൽകുന്നതിനായി ഫ്രഞ്ച് ബിഷപ്പുമാർ രഹസ്യമായി രൂപം നല്‍കിയ "മിഷൻ സെന്റ് പോൾ" സംഘടനയുടെ ഭാഗമായി സേവനം ചെയ്തവരായിരിന്നു ഇവര്‍. വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















