News

പൈശാചിക ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ അനുസ്മരണവുമായി ഹോളിവിന്‍; ഒരുക്കങ്ങളുമായി ലാറ്റിന്‍ അമേരിക്ക

പ്രവാചകശബ്ദം 28-10-2025 - Tuesday

മെക്സിക്കോ സിറ്റി: പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ പ്രതീകങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും പ്രച്ഛന്ന വേഷങ്ങളും ഉപയോഗിച്ചുള്ള ഹാലോവീൻ ആഘോഷത്തിന് പകരം വിശുദ്ധരുടെ അനുസ്മരണവുമായി ഹോളിവിന്‍ ആഘോഷിക്കുവാന്‍ തയാറെടുപ്പുമായി ലാറ്റിന്‍ അമേരിക്ക. ബ്രസീൽ, മെക്സിക്കോ, കൊളംബിയ, അർജന്റീന, പെറു തുടങ്ങീ വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് വിശുദ്ധരുടെ വേഷമണിഞ്ഞു വിശുദ്ധിയുടെ പ്രഘോഷണം നടത്താന്‍ തയാറെടുക്കുന്നത്.

എല്ലാ വർഷവും ഹാലോവീനിന് പകരമായി ലാറ്റിൻ അമേരിക്കയിൽ ഹോളിവിൻസിന്റെ (വിശുദ്ധ വിജയം) ആഘോഷം വ്യാപകമായി നടത്തുന്നുണ്ട്. ഇരുണ്ടതോ ഭയപ്പെടുത്തുന്നതോ ആയ രൂപങ്ങൾക്ക് പകരം കുട്ടികളെയും യുവജനങ്ങളെയും അവരുടെ പ്രിയപ്പെട്ട വിശുദ്ധന്റെ / വിശുദ്ധയുടെ വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് പരിപാടി നടത്തുന്നത്. മെക്സിക്കോയിലെ മോണ്ടെറിയിൽ, സാന്താ മരിയ റെയ്‌ന ഡി ലാ പാസ് ഉള്‍പ്പെടെ വിവിധ ഇടവകകളില്‍ ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്.

പെറുവിലും 31നാണ് ആഘോഷം. കൊളംബിയയിലെയും അര്‍ജന്‍റീനയിലെയും ദേവാലയങ്ങളില്‍ നവംബര്‍ ഒന്നാം തീയതിയാണ് ആഘോഷം നടത്തുന്നത്. യഥാര്‍ത്ഥ വിശ്വാസ സത്യം മറന്നുക്കൊണ്ട് നടത്തുന്ന ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ ലാറ്റിന്‍ അമേരിക്കക്ക് പുറമേ വിവിധ ഭൂഖണ്ഡങ്ങളിലെ ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »