News - 2025
ജൂബിലി വര്‍ഷത്തിലെ തിരുപ്പിറവി ആഘോഷം; വത്തിക്കാനിലെ തിരുനാൾ അലങ്കാരങ്ങൾ ഇറ്റലിയും കോസ്റ്ററിക്കയും നടത്തും
പ്രവാചകശബ്ദം 05-10-2025 - Sunday
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വത്തിക്കാനിൽ ക്രിസ്തുമസ് അലങ്കാരങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുത്തു. ട്രീയ്ക്കുള്ള മരം എത്തിക്കുക ഇറ്റലിയിലെ ബൊൾത്സാനോയിൽ നിന്നായിരിക്കും. ചത്വരത്തിൽ വയ്ക്കുന്ന പൂൽക്കൂട് ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും സംഭാവന ചെയ്യും. പോൾ ആറാമൻ ഹാളിലെ പുൽക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽവെയ്ക്കാനുള്ള ക്രിസ്തുമസ് സരള വൃക്ഷം ബൊൾത്സാനോ സ്വയംഭരണ പ്രവിശ്യയിൽപ്പെട്ട ലഗൂന്തൊ, ഊൾത്തിമോ എന്നീ നഗരസഭകൾ ആയിരിക്കും ഒരുക്കുക. ഈ മരത്തിന് 88 അടിയിലേറെ ഉയരം ഉണ്ടായിരിക്കും. ചത്വരത്തിൽ ഒരുക്കുന്ന പുൽക്കൂട് സംഭാവന ചെയ്യുന്നത് തെക്കുപടിഞ്ഞാറെ ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണൊ രൂപതയും സംയുക്തമായിട്ടാണ്.
പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവി രംഗാവിഷ്കാരം. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വയ്ക്കുന്ന പുൽക്കൂട് കോസ്റ്ററിക്കയുടെ സംഭാവനയായിരിക്കും. വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലയം ഒക്ടോബർ 3നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















