News
നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമോ?; വത്തിക്കാനില്‍ അസാധാരണ കൺസിസ്റ്ററി തുടരുന്നു
പ്രവാചകശബ്ദം 08-01-2026 - Thursday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ വിവിധ കര്‍ദ്ദിനാളുമാര്‍ ഒന്നുചേര്‍ന്നു പങ്കെടുക്കുന്ന അസാധാരണ കൺസിസ്റ്ററിയ്ക്കു വത്തിക്കാനില്‍ തുടക്കമായി. ഇന്നലെയും ഇന്നുമായി നടക്കുന്ന വിവിധ സമ്മേളനങ്ങള്‍ ലെയോ പാപ്പയുടെ അധ്യക്ഷതയിലാണ് ചേരുന്നത്. വത്തിക്കാനിലെ സിനഡ് ഹാളിൽ ഇന്നലെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കൺസിസ്റ്ററി ഔദ്യോഗികമായി ആരംഭിച്ചത്. അടച്ചിട്ട ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പാപ്പയും കർദ്ദിനാൾ സംഘവും മാത്രമാണ് സംബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ജൂബിലി സമാപന ചടങ്ങുകളിലും എപ്പിഫനി ആഘോഷത്തിലും നിരവധി കർദ്ദിനാൾമാർ പങ്കെടുത്തിരുന്നു.
വിവിധ സമ്മേളനങ്ങൾക്ക് പുറമെ, ഇന്നു ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 7.30-ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണി) വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടക്കും. സഭാപരമായ രേഖകൾ, സഭയുടെ മിഷ്ണറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇന്നത്തെ കൺസിസ്റ്ററിയില്‍ വിചിന്തനം ചെയ്യപ്പെടും.
"ഇവാഞ്ചേലി ഗൗദിയും", "പ്രെദിക്കാത്തെ എവഞ്ചേലിയും" എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും. ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ കൺസിസ്റ്ററിയാണ് ഇതെന്ന പ്രത്യേകതയും സംഗമത്തെ സവിശേഷമാക്കി മാറ്റുന്നുണ്ട്. പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശങ്ങളും നൽകാനും, ആഗോളസഭയുടെ ഭരണമെന്ന ഗൗരവമേറിയ പാപ്പായുടെ നിയോഗത്തിൽ അദ്ദേഹത്തെ സഹായിക്കാനുമാണ് കർദ്ദിനാൾ സംഘം ഈ സമ്മേളനത്തിലൂടെയും പരിശ്രമിക്കുക. നിലവിൽ, 245 പേരാണ് കർദ്ദിനാൾ സംഘത്തിലുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?



















