India - 2026
നിയമനിർമാണങ്ങളിലൂടെ വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്: കെസിബിസി പ്രോലൈഫ് സമിതി
പ്രവാചകശബ്ദം 25-01-2022 - Tuesday
കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ നിയമനിർമാണങ്ങളിലൂടെ വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാർമികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയിൽ പൊതുസമൂഹത്തിലും ആധുനിക മാധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് അഭിലഷണീയമല്ലെന്നും ബിഷപ്പ് പറഞ്ഞു. പ്രോലൈഫ് ദിനാ ചരണം മാർച്ച് 25 നു കൊല്ലത്ത് നടത്താൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോൺസ ൺ ചൂരേപറമ്പിലിൽ അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ഫാ.പോൾസൻ സിമേത്തി, ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, ജന. സെ ക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.

















