India - 2026

സഭയ്ക്കും സമൂഹത്തിനും സിഎംഐ സന്യാസ സമൂഹം നൽകുന്ന ശുശ്രൂഷ നിസ്‌തുലം: ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 09-12-2025 - Tuesday

കോട്ടയം: സഭയ്ക്കും സമൂഹത്തിനും സിഎംഐ സന്യാസ സമൂഹം നൽകുന്ന ശുശ്രൂഷ നിസ്‌തുലമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വാഴൂർ ഇളമ്പള്ളി അനുഗ്രഹ ജംഗ്ഷനിൽ സിഎംഐ കോട്ടയം പ്രവിശ്യാഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. ലോകമെമ്പാടും സുറിയാനി കത്തോലിക്കാസഭയുടെ സാന്നിധ്യം അറിയിക്കുന്നതിലും സുവിശേഷവത്കരണത്തിന്റെ തീവ്രമായ ചൈതന്യം എത്തിക്കുന്നതിലും സിഎംഐ സഭയുടെ പങ്ക് വലുതാണെന്നും കൂടുതൽ തീക്ഷ്‌ണതയോടെ സുവിശേഷത്തിനു സാക്ഷികളാകാൻ പുതിയ പ്രവിശ്യാ ഭവനം സഹായകമാകുമെന്നും മാർ തറയിൽ പറഞ്ഞു.

സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസകൾ നേർന്നു. പ്രൊവിൻഷൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ സ്വാഗതവും കൗൺസിലർ ഫോർ ഫിനാൻസ് ഫാ. ജോബി മഞ്ഞക്കാലായിൽ സിഎംഐ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുമ്പ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രവിശ്യാ ഭവനത്തിന്റെ വെഞ്ചരിപ്പും നടന്നു. അജപാലന മേഖലയ്ക്കൊപ്പം ആതുര, വിദ്യാഭ്യാസ രംഗങ്ങളിലും സിഎംഐ സമൂഹത്തിന്റെ പങ്ക് അഭിമാനിക്കാവുന്നതാണെന്ന് മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ പറഞ്ഞു.

സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ, പ്രൊവിൻഷൽ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സി എംഐ എന്നിവർ സഹകാർമികരായിരുന്നു. ബംഗളൂരു ക്രിസ്തു‌തുജയന്തി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ, വികാരി ജ നറാൾമാർ, വൈദികർ, വിവിധ സന്യാസിനീ സമൂഹങ്ങളിലെ മദർ ജനറാൾമാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വെഞ്ചരിപ്പ് ശുശ്രൂഷയിലും സമ്മേളനത്തിലും പങ്കെടുത്തു.


Related Articles »