India - 2026
സുവിശേഷം പ്രസംഗിക്കുവാനും അപരന് നന്മ ചെയ്യാനും ആരെയും ഭയക്കേണ്ടതില്ല: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
പ്രവാചകശബ്ദം 03-08-2026 - Monday
മുംബൈ: സുവിശേഷം പ്രസംഗിക്കുവാനും അപരന് നന്മ ചെയ്യാനും ആരെയും ഭയക്കേണ്ടതില്ലായെന്നു കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. പൻവേൽ എആർസിയിൽ കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.
സുവിശേഷം പ്രഘോഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഭയം കൂടാതെ അത് നിർവഹിക്കണമെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു. രാജ്യത്തെ പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നതാകരുത്. നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലായെന്നും കർദ്ദിനാൾ പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനായിരുന്നു. ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ച നാനിയിൽ, മാർ തോമസ് പാടിയത്ത്, ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ബെന്നി ആന്റണി, മോ ൺ. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.

















