News - 2026
ക്രിസ്ത്യന്‍ പ്രോലൈഫ് ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആംനെസ്റ്റി
പ്രവാചകശബ്ദം 17-07-2026 - Friday
ലണ്ടന്‍: ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ക്രിസ്ത്യന്‍ പ്രോലൈഫ് ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി. ക്രിസ്ത്യൻ പ്രോലൈഫ് ഗ്രൂപ്പുകളെ "അവകാശ-വിരുദ്ധം" എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ലേഖനം ആംനസ്റ്റി ഇന്റർനാഷണൽ യുകെ തങ്ങളുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ സംഘടന, ലേഖനം നീക്കം ചെയ്യുകയും ഔദ്യോഗിക പ്രസ്താവനയിലൂടെ ഖേദം പ്രകടിപ്പിക്കുകയുമായിരിന്നു.
ആംനസ്റ്റി ഇന്റർനാഷണൽ യുകെയുടെ നിലപാടുകളുമായുള്ള പൊരുത്തം, കൃത്യത എന്നിവ ഉറപ്പാക്കുന്നതിനായി നിലവിലുള്ള പരിശോധനാ നടപടിക്രമങ്ങളിലൂടെ കടന്നുപോകാതെയാണ് ഈ ലേഖനം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതെന്നും ഇതില്‍ ഖേദമുണ്ടെന്നും ആംനസ്റ്റി ഇന്റർനാഷണൽ യുകെ വക്താവ് പ്രസ്താവിച്ചു. നേരത്തെ പ്രോലൈഫ് നിലപാട് പുലര്‍ത്തുന്ന സംഘടനകൾ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് 'അവകാശ-വിരുദ്ധം' (anti-rights) എന്ന പദമാണ് ആംനസ്റ്റി ഇന്റർനാഷണൽ യുകെ ഉപയോഗിച്ചത്.
ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിലപാട്, മനുഷ്യാവകാശങ്ങളെ പരിമിതപ്പെടുത്തി എന്ന ആരോപണം ഉന്നയിച്ചുള്ള ആംനെസ്റ്റിയുടെ ലേഖനത്തില്‍ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കാത്തലിക് ഹെറാൾഡ്, കാത്തലിക് മെഡിക്കൽ അസോസിയേഷൻ, റൈറ്റ് ടു ലൈഫ് യുകെ, അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണൽ (ADF) എന്നിവയും ഉൾപ്പെട്ടിരിന്നു. മനുഷ്യാവകാശ സംഘടനയെന്ന ലേബലിലാണ് അറിയപ്പെടുന്നതെങ്കിലും ആംനസ്റ്റിയുടെ ഭ്രൂണഹത്യ അനുകൂല നിലപാട് മുന്‍പും വിവാദത്തിലായിരിന്നു. 2018-ല്‍ ഭ്രൂണഹത്യ നിയമങ്ങൾ പൊളിച്ചെഴുതുന്നതിനു പകരം നിയമപരമായി സ്ത്രീകൾക്കും, പെൺകുട്ടികൾക്കും ഭ്രൂണഹത്യ നടത്താൻ അവസരം നല്‍കണമെന്ന വിചിത്ര വാദം ഉന്നയിച്ച സംഘടനയാണ് ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















