News - 2026

പെറുവിന്റെ ഭാവിക്കായി നിയുക്ത പ്രസിഡന്‍റിനൊപ്പം ജപമാല സമര്‍പ്പിച്ച് നടന്‍ വെരാസ്റ്റെഗുയി

പ്രവാചകശബ്ദം 06-07-2026 - Monday

ലിമ: പെറുവിനുവേണ്ടി നിയുക്ത പ്രസിഡന്റായ കെയ്‌കോ ഫുജിമോറിക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച് മെക്സിക്കൻ കത്തോലിക്ക നടനും പ്രോലൈഫ് ആക്ടിവിസ്റ്റുമായ എഡ്വേർഡോ വെരാസ്റ്റെഗുയി. രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി അനുഗ്രഹം തേടിയാണ് ഇരുവരും പ്രാര്‍ത്ഥിച്ചത്. പെറുവിൻറെ നിയുക്ത പ്രസിഡന്റായി ഫുജിമോറി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ ഫുജിമോറിയെ അഭിനന്ദിച്ചിരുന്നുവെന്നും പിന്നീട് രാജ്യത്തിന്റെ ഭാവിക്കായി ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നുവെന്നും നടനും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ വെരാസ്റ്റെഗുയി പറഞ്ഞു. "പെറുവിലെ ഐക്യത്തിനും സമാധാനത്തിനും" വേണ്ടിയാണ് ജപമാല അർപ്പിച്ചതെന്നു പ്രാർത്ഥനയ്ക്ക് ശേഷം വെരാസ്റ്റെഗുയി വെളിപ്പെടുത്തി. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ രൂപത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രവും പങ്കുവെച്ചിട്ടുണ്ട്.



രാഷ്ട്രമാതാവായ കന്യകാമറിയം പെറുവിനുവേണ്ടി മധ്യസ്ഥത വഹിക്കട്ടെയെന്നും ഹൃദയങ്ങളിലും രാജ്യത്തുടനീളവും ക്രിസ്തുവിന്റെ സമാധാനം വാഴട്ടെയെന്നും പ്രാർത്ഥനയില്‍ പങ്കുചേരണമെന്നും ഓര്‍മ്മിപ്പിച്ച് നടന്‍ 'എക്സില്‍' പോസ്റ്റ് പങ്കുവെച്ചിരിന്നു. പെറുവിലെയും മറ്റ് രാജ്യങ്ങളിലെയും കത്തോലിക്കർക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ അനുവദിച്ചുകൊണ്ട് ജപമാല ഓൺലൈനിൽ തത്സമയം ലഭ്യമാക്കിയിരിന്നു.

രാഷ്ട്രീയ ധ്രുവീകരണം അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ രാഷ്ട്രത്തെ ദൈവത്തിൽ ഏൽപ്പിക്കാനും പ്രാർത്ഥനയിലൂടെ അനുരഞ്ജനം തേടാനുമുള്ള മാര്‍ഗ്ഗമായാണ് ഇരുവരും പ്രാര്‍ത്ഥനയെ വിശേഷിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനായ വെരാസ്റ്റെഗൂയി നിര്‍മ്മിച്ച “സൌണ്ട് ഓഫ് ഫ്രീഡം” എന്ന സിനിമ ലാറ്റിന്‍ അമേരിക്കന്‍ ബോക്സോഫീസില്‍ മെഗാഹിറ്റായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »