News - 2026
നിക്കരാഗ്വേ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടര്‍ക്കഥ; രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയ മെത്രാനെ അറസ്റ്റ് ചെയ്തു
പ്രവാചകശബ്ദം 01-07-2026 - Wednesday
മനാഗ്വേ: സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയെ ലക്ഷ്യമാക്കിയുള്ള വേട്ടയാടല്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ആരംഭിച്ചു. അടുത്തിടെ 80 വയസ്സ് തികഞ്ഞ എസ്റ്റെലിയിലെ മുന്‍ ബിഷപ്പ് അബെലാർഡോ മാതായെ കഴിഞ്ഞ ദിവസം, പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തിരിന്നു. ജൂണ്‍ 28നു രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്കു വേണ്ടി വിശുദ്ധ ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയതിന്റെ പിറ്റേദിവസമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ, മെത്രാനെ അറസ്റ്റ് ചെയ്തു 'എൽ ന്യൂവോ ചിപോട്ട്' എന്നറിയപ്പെടുന്ന ഡയറക്ടറേറ്റ് ഓഫ് ജുഡീഷ്യൽ അസിസ്റ്റൻസിന്റെ ആസ്ഥാനമായ എവാരിസ്റ്റോ വാസ്ക്വെസ് സാഞ്ചസ് പോലീസ് കോംപ്ലക്സിലെ അന്വേഷണ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരിന്നു. പീഡിപ്പിക്കപ്പെടുന്ന രാജ്യത്തെ സഭയ്ക്കുവേണ്ടി പ്രാർത്ഥനകൾ നേരത്തെ ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരിന്നു. ബിഷപ്പ് റോളാൻഡോ അൽവാരസ്, ഫാ. ഫ്രൂട്ടോസ് കോൺസ്റ്റാന്റിനോ വാലെ സാൽമെറോൺ എന്നിവരുൾപ്പെടെ നാടുകടത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ഇതേദിവസം പ്രാര്‍ത്ഥന നടത്തി. ഇതിലുള്ള നടപടിയായാണ് ബിഷപ്പിനെ തടങ്കലിലാക്കിയതിനെ നിരീക്ഷിക്കുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചിരിന്നു.
2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭരണകൂടം നിക്കരാഗ്വേയിലെ സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്. ജനാധിപത്യം പുലരുന്നതിന് രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ കത്തോലിക്ക സഭ അസന്നിഗ്ദമായി പിന്താങ്ങിയതോടെ ഭരണകൂടം നടപടി കടുപ്പിക്കുകയായിരിന്നു. രാജ്യത്തെ കത്തോലിക്ക സഭയുടെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















