News

ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖല ആരംഭിച്ചിട്ട് നാലര പതിറ്റാണ്ട്

പ്രവാചകശബ്ദം 16-08-2026 - Sunday

അലബാമ (അമേരിക്ക): ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശ്രംഖലയായ ഇറ്റേണൽ വേള്‍ഡ് ടെലിവിഷൻ നെറ്റ് വർക്ക് (ഇ‌ഡബ്ല്യു‌ടി‌എന്‍) ആരംഭിച്ചിട്ടു ഇന്നേക്ക് 45 വര്‍ഷം. 1981 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ആഗസ്റ്റ് 15നാണ് ക്ലാര സന്യാസിനീ സമൂഹാംഗമായ മദര്‍ ആഞ്ചലിക്ക ഇ‌ഡബ്ല്യു‌ടി‌എന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക്‌ എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്.

ആകർഷകമായ ശൈലിയിൽ പ്രഭാഷണങ്ങൾ നടത്തുന്ന വ്യക്തി എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ കന്യാസ്ത്രീയായിരിന്നു മദർ ആഞ്ചലിക്ക. 1969-ൽ, സുവിശേഷവത്ക്കരണം വ്യാപിപ്പിക്കുന്നതിനായി ആത്മീയ പ്രഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിംഗ് അവർ ആരംഭിക്കുകയായിരിന്നു. 1971-ലായിരുന്നു അവരുടെ ആദ്യത്തെ റേഡിയോ പരിപാടി. ഏഴ് വർഷത്തിന് ശേഷം, "അവർ ഹെർമിറ്റേജ്" (Our Hermitage) എന്ന പേരിൽ അര മണിക്കൂർ ദൈർഘ്യമുള്ള തങ്ങളുടെ ആദ്യ ടെലിവിഷൻ പരിപാടി മദർ ആഞ്ചലിക്ക റെക്കോർഡ് ചെയ്തു.

എന്നാൽ, 1978-ൽ മദറിന്റെ പരിപാടികൾ റെക്കോർഡ് ചെയ്തിരുന്ന ചാനൽ, ദൈവനിന്ദ ഉളവാക്കുന്ന വിധത്തിലുള്ള ഒരു പരിപാടി സംപ്രേഷണം ചെയ്യാൻ പദ്ധതിയിടുന്നതായി മദർ ആഞ്ചലിക്ക അറിഞ്ഞു. സ്റ്റേഷൻ മാനേജരെ നേരിട്ട് കണ്ട് മദര്‍ ആഞ്ചലിക്ക പ്രതിഷേധിച്ചപ്പോള്‍ അദ്ദേഹം പരാതി അവഗണിക്കുകയാണ് ചെയ്തത്. റെക്കോർഡിംഗിനായി മറ്റൊരു സ്ഥലത്തേക്ക് പോകുമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ "ഈ സ്റ്റേഷൻ വിട്ടുപോയാൽ പിന്നെ ടെലിവിഷൻ രംഗത്ത് നിനക്ക് സ്ഥാനമുണ്ടാകില്ല" എന്നായിരിന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസവും നിശ്ചയദാര്‍ഢ്യവും മുറുകെ പിടിച്ച് താന്‍ തന്റേതായ ഒരു സ്റ്റേഷൻ തന്നെ കെട്ടിപ്പടുക്കുമെന്ന ശക്തമായ മറുപടി മദർ ആഞ്ചലിക്ക നല്‍കി. ഇതാണ് ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ടെലിവിഷന്‍ ശൃംഖലയുടെ ആരംഭത്തിന് കാരണമായത്. ലോക സുവിശേഷവത്ക്കരണത്തിന് ശക്തമായ ഊര്‍ജ്ജം പകര്‍ന്ന മാധ്യമമായി മാറുവാന്‍ ഇ‌ഡബ്ല്യു‌ടി‌എന്നിന് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞിരിന്നു. ആഗോള സുവിശേഷവത്ക്കരണത്തിന് ശക്തമായ ഊര്‍ജ്ജം പകര്‍ന്ന മദര്‍ ആഞ്ചലിക്ക 2016 മാര്‍ച്ച് 27നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ മദര്‍ ആഞ്ചലിക്കയ്ക്ക് 92 വയസായിരുന്നു പ്രായം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »