News

വ്യാജ ശിശുക്കടത്ത് കേസ്; 8 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തര്‍

പ്രവാചകശബ്ദം 19-06-2026 - Friday

റാഞ്ചി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. 2018-ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ 'നിർമൽ ഹൃദയ്' ഷെൽട്ടർ ഹോമിൽ നിന്നും കുഞ്ഞിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടര്‍ന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീയും മറ്റ് രണ്ടുപേരും വര്‍ഷങ്ങളായി വിചാരണ നേരിട്ടു വരികയായിരിന്നു. എട്ടുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇവർ കുറ്റക്കാരല്ലെന്ന് റാഞ്ചി സിവിൽ കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.

കുറ്റാരോപണം നേരിട്ട സിസ്റ്റര്‍ കോൺസിലിയ ജാമ്യം ലഭിക്കുന്നതു വരെ മൂന്ന് വർഷം ജയിലിൽ കിടന്നിരിന്നു. 2018-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന നിര്‍മ്മല്‍ ഹൃദയ് എന്ന സ്ഥാപനത്തിൽ നിന്ന് 14 ദിവസം പ്രായമുള്ള ഒരു ശിശുവിനെ അനധികൃതമായി കൈമാറിയെന്ന ആരോപണം ഉന്നയിച്ചായിരിന്നു കേസ്. ആരോപണങ്ങൾ മിഷ്ണറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീയായ സിസ്റ്റർ കോൺസിലിയയുടെ അറസ്റ്റിലേക്ക് നയിക്കുകയും, ജാർഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങൾക്കെതിരേ വിവിധ പരിശോധനകൾ വ്യാപിപ്പിക്കുകയും ചെയ്തിരിന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി സത്യത്തിന്റെയും അചഞ്ചലമായ പരിശ്രമത്തിന്റെയും വിശ്വാസത്തിന്റെയും വിജയമാണെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുൻ സെക്രട്ടറി ജനറലും ഡാൽട്ടൺഗഞ്ച് ബിഷപ്പുമായ തിയോഡോർ മസ്കറേനാസ് പറഞ്ഞു. ആരോപണങ്ങൾ സന്യാസ സമൂഹത്തിന്റെ ശുശ്രൂഷയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുവെന്ന് ബിഷപ്പ് വെളിപ്പെടുത്തി. സിസ്റ്റര്‍ കോൺസിലിയയുടെ അറസ്റ്റിന് പിന്നാലെ 24 കുഞ്ഞുങ്ങളെ പാർപ്പിച്ച ഹിനൂവിലെ മറ്റൊരു മിഷ്ണറീസ് ഓഫ് ചാരിറ്റി ഭവനം അധികൃതർ അടച്ചുപൂട്ടിയിരിന്നു. സമീപ വർഷങ്ങളിൽ ഭാരത കത്തോലിക്ക സഭ നേരിട്ട ഏറ്റവും വേദനാജനകമായ നിയമ പോരാട്ടങ്ങളിലൊന്നിന് അന്ത്യം കുറിക്കുന്ന സുപ്രധാന വിധിന്യായമാണ് പുറത്തുവന്നിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »