India - 2026
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചു: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 23-05-2026 - Saturday
കാക്കനാട്: കുടിയേറ്റം സീറോമലബാർ സഭയുടെ ചരിത്രത്തെയും സാമൂഹിക-ആത്മീയ ജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കുടിയേറ്റം വഴിയൊരുക്കിയപ്പോൾത്തന്നെ അതു ഗൗരവമേറിയ സാംസ്കാരികവും കുടുംബപരവുമായ വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്‍ററിന്റെ (എൽആർസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് സെമിനാർ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ തട്ടിൽ.
സമൂഹത്തെയും സഭയെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ അക്കാദമികവും ദൈവശാസ്ത്രപരവുമായ ഗൗരവമേറിയ ചർച്ചകൾക്ക് എൽആർസി നേതൃത്വം നൽകുന്നതിനെ മേജർ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. ലിറ്റർജിക്കൽ റിസർച്ച് സെൻ്റർ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണവും മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. സീറോമലബാർ സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ പ്രസംഗിച്ചു. എൽആർസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സ്വാഗതമാശംസി
'കുടിയേറ്റം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സെമിനാറിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട 12 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. വൈദികർ, സന്യസ്‌തർ, ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നുള്ള അല്മായ ഉൾപ്പെടെയുള്ള പ്രതിനിധികളാണു സെമിനാറിൽ പങ്കെടുക്കുന്നത്. സെമിനാർ ഇന്നു സമാപിക്കും.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















