News

സമാധാനത്തിനുള്ള ആഹ്വാനവുമായി മെക്സിക്കന്‍ സഭയുടെ റാലി

പ്രവാചകശബ്ദം 18-05-2026 - Monday

കുർണാവാക്ക (മെക്സിക്കോ): മെക്സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ അരക്ഷിതാവസ്ഥയും സംഘടിത കുറ്റകൃത്യങ്ങളും അക്രമവും വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ റാലി നടത്തി. നമ്മുടെ ദൈവം ഇരകളുടെ നിലവിളി കേൾക്കുന്നുണ്ടെന്നും അവരോടൊപ്പം ചരിക്കുന്നുണ്ടെന്നും മൊറെലോസ് സംസ്ഥാനത്തെ കുർണാവാക്ക രൂപതാധ്യക്ഷനും മെക്സിക്കൻ മെത്രാന്‍ സമിതിയുടെ (സിഇഎം) പ്രസിഡന്റുമായ മോൺസിഞ്ഞോർ റാമോൺ കാസ്ട്രോ കാസ്ട്രോ പറഞ്ഞു. മെയ് 16 ശനിയാഴ്ചയാണ് സമാധാന റാലി നടത്തിയത്.

അക്രമം, നിർബന്ധിത കുടിയേറ്റം, ദാരിദ്ര്യം, കുടുംബങ്ങളുടെ ദുർബലത എന്നിവ മൂലമുണ്ടാകുന്ന വേദനയിലാണ് മിക്ക മെക്സിക്കന്‍ കുടുംബങ്ങളും കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കൻ ജനതയിൽ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളെയും ബാധിക്കുന്ന വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും അവർ സമാധാനത്തിന്റെ വക്താക്കളായി മാറാൻ ആഗ്രഹിക്കുകയാണെന്നും ബിഷപ്പ് ഊന്നിപ്പറഞ്ഞു.

ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും സമാധാനത്തിനായുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിക്കുവാനും കുറ്റകൃത്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചതെന്നു സഭാനേതൃത്വം വ്യക്തമാക്കി. കുരിശ് രൂപങ്ങള്‍, ബാനറുകൾ, വിവിധ സന്ദേശങ്ങൾ ഉള്‍ക്കൊള്ളിച്ച് പ്ലക്കാര്‍ഡുകള്‍ എന്നിവ വഹിച്ചായിരിന്നു മെക്സിക്കന്‍ ജനതയുടെ സമാധാന റാലി. റാലിയുടെ സമാപനത്തില്‍ ദിവ്യകാരുണ്യ ആശീര്‍വാദവും നല്‍കിയിരിന്നു. സിറ്റിസൺസ് കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും അക്രമാസക്തമായ 50 നഗരങ്ങളിൽ 17 മെക്സിക്കൻ നഗരങ്ങളാണുള്ളത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »