News

അശാന്തമായ ഹെയ്തിയിൽ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്യാസിനി

പ്രവാചകശബ്ദം 13-05-2026 - Wednesday

പോര്‍ട്ട് ഓ പ്രിന്‍സ്: അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കു വേണ്ടി രാവും പകലും പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്യാസിനി ശ്രദ്ധ നേടുന്നു. രാജ്യത്തെ കുട്ടികൾ സമാനതകളില്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ഏറ്റവും അപകടകരമായ സാഹചര്യമുള്ള ചേരിയായ സിറ്റി സോലൈലിൽ പ്രവര്‍ത്തിക്കുന്ന സിസ്റ്റർ പെയ്‌സി ക്ലെയറുടെ നിസ്തുലമായ സേവനം അനേകരുടെ കണ്ണീരാണ് തുടയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം, വിശ്വാസ രൂപീകരണം എന്നിവയില്‍ ശ്രദ്ധ ചെലുത്തി സിസ്റ്ററും സംഘവും ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതമാണ് മാറ്റിമറിക്കുന്നത്.

ഫ്രാൻസിലെ ലോറൈനിലാണ് സിസ്റ്റർ പെയ്‌സി ക്ലെയർ ജനിച്ചത്. അടിയുറച്ച വിശ്വാസമുള്ള കത്തോലിക്ക ഭവനത്തിൽ വളർന്ന അവൾ ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തില്‍ ആകൃഷ്ടയായിരിന്നു. മദർ തെരേസയുടെ മാതൃകയിൽ നിന്നായിരിന്നു അവള്‍ക്ക് ജീവിതത്തെ കുറിച്ചുള്ള പ്രചോദനം ലഭിച്ചത്. വൈകാതെ അവള്‍ സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1996-ല്‍ നിത്യവ്രത വാഗ്ദാനം നടത്തി. ഹെയ്തിയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട പാവപ്പെട്ട കുഞ്ഞുങ്ങളെ സേവിക്കാനുള്ള വിളി അവള്‍ തിരിച്ചറിയുകയായിരിന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം, പോർട്ട്-ഓ-പ്രിൻസ് അതിരൂപതയുടെ കീഴിൽ 2017 ൽ കിസിറ്റോ കുടുംബം എന്ന പേരിലുള്ള സന്യാസ കൂട്ടായ്മയ്ക്കു തുടക്കം കുറിക്കുകയായിരിന്നു.

ഹെയ്തിയിലെ ഏറ്റവും അക്രമാസക്തവും ദരിദ്രവുമായ പ്രദേശങ്ങളിലൊന്നായ സിറ്റി സോലൈലിൽ, അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്കായി ഏഴ് കെയര്‍ ഹോമുകൾ, എട്ട് സ്കൂളുകൾ, മതബോധന കേന്ദ്രങ്ങൾ എന്നിവ സന്യാസ സമൂഹം നടത്തുന്നുണ്ട്. സിസ്റ്റർ പെയ്‌സിയുടെയും സഹസന്യസ്തരുടെയും സ്തുത്യര്‍ഹമായ സേവനം വഴി ഇന്നു ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം, ഭക്ഷണം, ആത്മീയ രൂപീകരണം, സംരക്ഷണം എന്നിവ ലഭിക്കുന്നുണ്ട്. സായുധ സംഘങ്ങൾ അഴിച്ചു വിടുന്ന ആക്രമണങ്ങളെ തുടര്‍ന്നു വീടുകളിൽ നിന്ന് പലായനം ചെയ്ത ആയിരകണക്കിന് കുട്ടികള്‍ക്കുള്ള അഭയസ്ഥാനമാണ് സിസ്റ്റർ പെയ്‌സി ക്ലെയർ സ്ഥാപിച്ച ഭവനങ്ങള്‍. തോക്കിൻമുനയിൽ വിറയ്ക്കുന്ന ഒരു ജനതയ്ക്ക്, കരുണയുടെയും കരുതലിന്റെയും സാന്നിധ്യവും നിലയ്ക്കാത്ത പ്രതീക്ഷയുടെ അടയാളമായി സേവനം തുടരുകയാണ് ഈ സന്യാസിനി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1194