News - 2026
ജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലക ശക്തിയാണ് ജപമാല പ്രാർത്ഥന: ലെയോ പാപ്പ
പ്രവാചകശബ്ദം 09-05-2026 - Saturday
വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥന മനുഷ്യജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണെന്നു ലെയോ പാപ്പ. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ മെയ് എട്ടാം തീയതി തെക്കേ ഇറ്റലിയിലെ പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പരിശുദ്ധ പിതാവ് ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.
പോംപെയ് നഗരത്തിന്റെയും ദേവാലയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന ജപമാല ഭക്തി എപ്പോഴും സജീവമായി നിലനിർത്താനും, പുരാതനവും മനോഹരവുമായ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്ത. വിശുദ്ധ ജോൺ പോൾ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച പാപ്പ, യേശുവിന്റെ ജീവിതരഹസ്യങ്ങളെ പരിശുദ്ധ അമ്മയുടെ ലാളിത്യം നിറഞ്ഞതും മാതൃത്വപരവുമായ കണ്ണുകളിലൂടെ ധ്യാനിക്കുന്നതിലൂടെ, യേശുവിന്റെ പ്രവർത്തികൾ നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു ഓര്‍മ്മിപ്പിച്ചു.
പോംപെയെ ലോകമെമ്പാടുമറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ വിശുദ്ധ ബർത്തോളോ ലോങ്കോയുടെ വിശ്വാസവും സമർപ്പണവും ഏറെ സഹായിച്ചിട്ടുണ്ടെന്നും, ആ വിശുദ്ധന്റെ ജീവിതവഴികളെ അനുധാവനം ചെയ്ത് ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും പാപ്പ പറഞ്ഞു. കുട്ടികളെയും യുവജനങ്ങളെയും അഭിസംബോധന ചെയ്ത പാപ്പ, തങ്ങളെ സ്നേഹത്തോടെ നയിക്കുന്നവരിൽ വിശ്വാസം പുലർത്താനും, എല്ലായ്‌പ്പോഴും ഒപ്പം നിൽക്കുന്ന യേശുക്രിസ്തുവിൽ ആത്മവിശ്വാസം അർപ്പിക്കാനും ആഹ്വാനം ചെയ്തു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















