News - 2026
പത്തുലക്ഷം ജപമാല യജ്ഞത്തില്‍ പങ്കുചേര്‍ന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികള്‍
പ്രവാചകശബ്ദം 20-10-2025 - Monday
ജലിങ്കോ: പീഡനങ്ങളും അസ്ഥിരതയും അനുഭവിക്കുന്ന രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ ഉൾപ്പെടെ, ആഫ്രിക്കയിലെമ്പാടുമുള്ള കുട്ടികൾ "ഒരു ദശലക്ഷം ജപമാല" ക്യാംപെയിനില്‍ പങ്കുചേർന്നു. പൊന്തിഫിക്കൽ ഏജന്‍സിയായ "എയിഡ് ടു ദി ചർച്ച് ഇൻ നീഡ്" (ACN) -ന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്. ക്രൈസ്തവര്‍ക്ക് നേരെ രക്തരൂക്ഷിതമായ ആക്രമണങ്ങളും കലാപങ്ങളും നടക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിരവധി കുട്ടികളാണ് ആദ്യമായി ക്യാംപെയിനില്‍ പങ്കുചേര്‍ന്നത്.
കുട്ടികൾ വളരെ താല്പര്യത്തോടെയാണ് കടന്നുവന്നതെന്നും അവരെ തയാറാക്കുന്നതിനായി മുമ്പ് രണ്ടുതവണ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മൊസാംബിക്കിലെ ലിച്ചിംഗ രൂപതയിലെ ഇടവക വൈദികന്‍, സംഘടനയോട് വെളിപ്പെടുത്തി. കുട്ടികളിൽ പലർക്കും ജപമാലയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആദ്യമായി ജപമാല ചൊല്ലിയവര്‍ ഉണ്ടായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ജലിംഗോ രൂപത ഉള്‍പ്പെടെ വിവിധ രൂപതകള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
രൂപതയില്‍ ഉടനീളമുള്ള ഇടവകകളിലും കൂട്ടായ്മകളിലും, പാസ്റ്ററൽ സെന്ററുകളിലും നടന്ന പ്രാർത്ഥനയിൽ തങ്ങളുടെ രൂപതയിലെ കുട്ടികളും പങ്കുചേർന്നുവെന്ന് രൂപത അറിയിച്ചു. പത്തു ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ ലോകം മുഴുവൻ മാറിമറിയും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളിൽ നിന്ന് പ്രചോദനം സ്വീകരിച്ച് രൂപമെടുത്തിട്ടുള്ളതാണ് വൺ മില്യൻ ചിൽഡ്രൻ പ്രേയിംങ് ദ റോസറി എന്ന ക്യാമ്പെയിന്‍. മാർപാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്വർക്കിൻ്റെയും വേൾഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമായുടെയും ഔദ്യോഗികമായ പിന്തുണ പരിപാടിക്കുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















