News - 2026

ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

പ്രവാചകശബ്ദം 05-05-2026 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ലെയോ പാപ്പയ്ക്കെതിരെ ഉയര്‍ത്തിയ വിവാദപരമായ പരാമര്‍ശങ്ങള്‍ക്കിടെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മെയ് ഏഴാം തീയതി, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ച്, ലെയോ പതിനാലാമൻ പാപ്പയുമായി മാർക്കോ റൂബിയോ കൂടിക്കാഴ്ച്ച നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.

അമേരിക്ക - ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനവുമായി ലെയോ പാപ്പ നിരവധി തവണ സംസാരിച്ചിരിന്നു. ഇതിന് പിന്നാലെ ട്രംപ്, പാപ്പയ്ക്കെതിരെ നിരവധി തവണ വിവാദ പ്രസ്താവനകള്‍ നടത്തിയത് ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. താന്‍ രാഷ്ട്രീയക്കാരനല്ല, സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അത് തുടരുമെന്നുമായിരിന്നു പാപ്പയുടെ പ്രതികരണം. വിവാദത്തിന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയും അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ്. 2025 മെയ് 18ന്, പത്രോസിന്റെ പിന്‍ഗാമിയായി ലെയോ പാപ്പ ശുശ്രൂഷയ്ക്കു തുടക്കം കുറിച്ച ദിവ്യബലിയില്‍ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്തിരിന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സന്നിഹിതനായിരുന്നു. പിറ്റേന്ന് മെയ് 19നു വത്തിക്കാനിൽവെച്ച്, ലെയോ പാപ്പയും, ജെ ഡി വാൻസും റൂബിയോയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »