News - 2026

കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കപ്പെടരുത്: ലെയോ പാപ്പ

പ്രവാചകശബ്ദം 27-04-2026 - Monday

വത്തിക്കാന്‍ സിറ്റി: കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നു ലെയോ പാപ്പ. അമേരിക്കയിലെ, ഇല്ലിനോയിസ് സംസ്ഥാനം വധശിക്ഷ റദ്ദാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിൽ, ഡി പോൾ സർവ്വകലാശാലയിൽ, നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഓരോ മനുഷ്യജീവനും അതിന്റെ ഉത്ഭവം മുതൽ, സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ പാപ്പ ഓര്‍മ്മപ്പെടുത്തി.

ജീവിക്കുവാനുള്ള അവകാശം എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, ഒരു സമൂഹം മനുഷ്യജീവിതത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചാൽ മാത്രമേ അത് തഴച്ചുവളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുകയുള്ളൂ. വളരെയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോഴും ഒരു വ്യക്തിയുടെ അന്തസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളത് ഇത് സ്ഥിരീകരിക്കുന്നു. കുറ്റവാളികൾക്ക് വീണ്ടെടുപ്പിന്റെ സാധ്യത പൂർണ്ണമായും ഒഴിവാക്കാതെ, പൗരന്മാരുടെ സംരക്ഷണത്തിനായി, ഫലപ്രദമായ തടങ്കൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

കുറ്റവാളികൾക്ക് മാനസാന്തരത്തിനുള്ള അവസരങ്ങൾ നൽകുന്നതിന്, വധശിക്ഷയെ ആശ്രയിക്കാതെതന്നെ പൊതുനന്മ സംരക്ഷിക്കാമെന്നും, നീതിയുടെ ആവശ്യകതകൾ നിറവേറ്റാമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും പാപ്പാ എടുത്തുപറഞ്ഞു. വധശിക്ഷ ഒരു വ്യക്തിയുടെ അലംഘനീയതയ്ക്കും അന്തസ്സിനും നേരെയുള്ള അക്രമണമാണെന്നതിനാൽ, അത് അസ്വീകാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. 2011-ൽ ഇല്ലിനോയിസ് ഗവർണർ എടുത്ത വധശിക്ഷ റദ്ദാക്കുവാനുള്ള തീരുമാനത്തിന്റെ വാർഷിക ആഘോഷത്തിൽ, താനും പങ്കുചേരുന്നുവെന്നു പറഞ്ഞ പാപ്പാ, അമേരിക്കയിലും ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കാൻ വാദിക്കുന്നവർക്ക് തന്റെ പിന്തുണയും വാഗ്ദാനം ചെയ്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »