India - 2026

സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകാൻ സർക്കാർ തയാറാകണം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

15-03-2026 - Sunday

കണ്ണൂർ: സംവരണമില്ലാത്ത സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകാൻ സർക്കാർ തയാറാകണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മവാർഷിക സമ്മേളനം കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. രാഷ്ട്രീയ ശക്തിയല്ല, സമുദായ ശക്തിയാണ് കത്തോലിക്കാ കോൺഗ്രസെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സമുദായം ചെയ്‌തതാണ് പള്ളിക്കൂടം. ജാതി അനുസരിച്ച് കുട്ടികൾ വസ്ത്രങ്ങൾ ഇടാത്തപ്പോൾ കത്തോലിക്കാ സഭ നടത്തിയ പരിഷ്കാരമാണ് പള്ളിക്കൂടങ്ങളിലെ യൂണിഫോം. ജാതിവ്യവസ്ഥകൾ പള്ളിക്കൂടങ്ങളിൽ പാടില്ലെന്നു ബോധ്യപ്പെടുത്താനാണ് യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തുല്യ അവകാശമുണ്ടെന്നു പറഞ്ഞത് കത്തോലിക്ക സമുദായമാണ്. നഴ്സാകാൻ ഒരു കാലയളവിൽ ആരും പോകാറില്ലായിരുന്നു. ആരോഗ്യമേഖലയിൽ സ്ത്രീകളുടെ ശുശ്രൂഷ ആവശ്യമാണെന്നു പറഞ്ഞത് സമുദായമാണ്.

സിസ്റ്റേഴ്‌സിനെ ഉൾപ്പെടെ ഈ മേഖലയിലേക്കു നിയോഗിച്ചത് സമുദായമാണ്. ഒരാളും നഴ്സാകാൻ വരാതിരുന്ന കാലഘട്ടത്തിൽ നഴ്‌സിംഗിനെ കത്തോലിക്കാ സഭ ശുശ്രൂഷയുടെ ഭാഗമാക്കി മാറ്റി. കണ്ണൂർ, കാസർഗോഡ് ജില്ലകൾ സൃഷ്ട‌ിച്ചത് സർക്കാരാണെങ്കിലും ഇന്നു കാണുന്ന രീതിയിൽ ഈ ജില്ലകളെ മാറ്റിയ ത് കുടിയേറ്റ കർഷകരാണ്. കപ്പ, നെൽകൃഷി എന്നിവ സമുദായം കൊടുത്ത സംഭാവനയാണ്. കർഷകർക്ക് പെൻഷനും ആരോഗ്യ ഇൻഷ്വറൻസും നൽകാൻ സർക്കാർ തയാറാകണം.

മനുഷ്യനെ കൊന്നാൽ പ്രശ്‌നമില്ല, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊന്നാൽ പ്രശ്‌നമാണ്. കർഷകൻ്റെ ഭൂമിക്ക് സംരക്ഷണം നൽകണം, അവരുടെ മക്കൾക്ക് പ ഠിക്കാൻ ആനുകൂല്യം നൽകണം, മക്കൾക്ക് ജോലി സംവരണം നൽകണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറന്‌പിൽ അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തി.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‌കി. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തി.

തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, കോട്ടയം അതിരൂപത മലബാർ റീജൺ ഡയറക്‌ടർ ഫാ. ജോയ് കട്ടിയാങ്കൽ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻറുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപ ത ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »