India - 2026
അനുഗ്രഹമാകണമെങ്കിൽ ദാസനാകണം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 18
സി. റെറ്റി ജോസ് എഫ്സിസി/ പ്രവാചകശബ്ദം 05-03-2026 - Thursday
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20:28).
'മോചനദ്രവ്യം' (Ransom) എന്ന പദം പഴയനിയമത്തിലെ ഏശയ്യാ പ്രവാചകൻ പ്രവചിച്ച 'സഹന ദാസനെ' (Suffering Servant) ഓർമ്മിപ്പിക്കുന്നു. "അനേകരുടെ പാപഭാരം അവന് പേറി; അതിക്രമങ്ങള്ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു." (ഏശയ്യാ 53:12) എന്ന വചനം മിശിഹായിൽ പൂർത്തിയാകുന്നു. നമ്മെ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വീണ്ടെടുക്കാൻ മിശിഹാ നൽകിയ വില സ്വന്തം ജീവനായിരുന്നു.
കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച്, മിശിഹായുടെ ഈ ദൗത്യം കേവലം ഒരു മാതൃകയല്ല, മറിച്ച് മാനവരാശിയോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പരമകാഷ്ഠയാണ്. " ഈശോയുടെ മരണം അനേകരുടെ മോചനദ്രവ്യമായി പിതാവായ ദൈവം നിശ്ചയിച്ച രക്ഷാകര പദ്ധതിയുടെ ഭാഗമാണ്"(CCC 601).
വി. ആഗസ്തിനോസിൻ്റെ വാക്കുകൾ കടമെടുത്താൽ: "യഥാർത്ഥ അധികാരി ശുശ്രൂഷകനാണ്." അധികാരം പ്രയോഗിക്കാനല്ല, മറിച്ച് മറ്റുള്ളവർക്കായി സ്വയം ശൂന്യനാകാനാണ്. വി. ക്രിസോസ്റ്റം "നീ നിന്റെ സഹോദരന്റെ ദാസനാകുമ്പോൾ, നീ ഈശോയെപ്പോലെ മഹാനാകുന്നു" എന്നു ഓർമ്മിപ്പിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ ഈ തിരുവചനത്തിനു നൽകുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. "സേവനമില്ലാത്ത അധികാരം അധികാരമല്ല, അത് വെറും അടിച്ചമർത്തലാണ്." ക്രൈസ്തവ മഹത്വം അളക്കുന്നത് ലോകം നൽകുന്ന പദവികൾ കൊണ്ടല്ല, മറിച്ച് നമ്മൾ ചെയ്യുന്ന സേവനങ്ങൾ കൊണ്ടാണ്. ഈ വലിയ നോമ്പ് കാലത്ത് നമ്മുക്ക് വേണ്ടത് 'സ്വയം ശൂന്യവൽക്കരണം' (Kenosis) ആണ്. നോമ്പ് കേവലം ഭക്ഷണമുപേക്ഷിക്കലല്ല, മറിച്ച് അഹങ്കാരത്തെയും സ്വാർത്ഥതയെയും ഉപേക്ഷിക്കലാണ്.
കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സമയം കണ്ടെത്തുക. അതാണ് യഥാർത്ഥ ശുശ്രൂഷ. കാലുകഴുകൽ ശുശ്രൂഷയിലൂടെ ഈശോ കാണിച്ചുതന്നത് ഇതുതന്നെയാണ്. ഏറ്റവും താഴ്ന്ന ജോലിയും സ്നേഹത്തോടെ ചെയ്യുമ്പോൾ അത് വിശുദ്ധമാകുന്നു എന്ന്.
നമ്മുടെ ജീവിതം അനേകർക്ക് ഒരു അനുഗ്രഹമാകണമെങ്കിൽ, നാം ആദ്യം ഒരു ദാസനായി മാറണം. ഈശോ പഠിപ്പിച്ചത് അധികാരത്തിന്റെ സിംഹാസനങ്ങളല്ല, മറിച്ച് സേവനത്തിന്റെ ബലിപീഠങ്ങളാണ്. ഈ നോമ്പ് കാലം നമ്മുടെ ഹൃദയങ്ങളെ മറ്റുള്ളവർക്കായി തുറക്കാനും, ഇശോയെപ്പോലെ 'മോചനദ്രവ്യമായി' മാറാനും നമുക്ക് ഇടയാകട്ടെ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















