Seasonal Reflections - 2026

രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തി നീ അറിഞ്ഞോ? | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 03

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 18-02-2026 - Wednesday

"സുവിശേഷം, അത്‌ രക്ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്‌" (റോമാ 1:16).

സുവിശേഷം വെറുമൊരു വാക്കല്ല, അത് 'ശക്തി'യാണ്. ബൈബിൾ വ്യാഖ്യാനമനുസരിച്ച്, ഇവിടെ 'ശക്തി' എന്നതിന് ഗ്രീക്കിൽ 'ഡൈനാമിസ്' (Dynamis) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് 'ഡൈനാമൈറ്റ്' എന്ന വാക്കുണ്ടായത്. അതായത്, സുവിശേഷം വെറുമൊരു ഉപദേശമല്ല, മറിച്ച് പാപത്തിന്റെ കെട്ടുകളെ തകർക്കാനും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താനുമുള്ള സ്ഫോടനാത്മകമായ ദൈവീക ഊർജ്ജമാണ്.

സഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്തം ഈ വചനത്തെക്കുറിച്ച് പഠിപ്പിക്കുന്നത്, ഇങ്ങനെയാണ്: സുവിശേഷം ഒരു ഔഷധം പോലെയാണ്. ഒരു രോഗിക്ക് മരുന്ന് എങ്ങനെയാണോ, അതുപോലെ പാപത്താൽ തളർന്ന ആത്മാവിനെ സുഖപ്പെടുത്തുന്ന ദൈവത്തിന്റെ ജീവനുള്ള ശക്തിയാണിത്. വി. ഗ്രന്ഥം കേവലം ലിഖിതങ്ങളല്ല, മറിച്ച് അത് ദൈവത്തിന്റെ സജീവമായ വചനമാണെന്നാണ് (CCC 101-104). വചനം മാംസമായി അവതരിച്ച മിശിഹായെയാണ് സുവിശേഷം നമുക്ക് കാണിച്ചുതരുന്നത്.സുവിശേഷം ഒരു ചരിത്രപുസ്തകമല്ല, മറിച്ച് ഇന്നും നമ്മോട് സംസാരിക്കുന്ന മിശിഹായാണത്.

സുവിശേഷം രക്ഷയിലേക്കുള്ള ശക്തിയാകുന്നത് അത് നമ്മുടെ ജീവിതശൈലിയായി മാറുമ്പോഴാണ്. അതിനാലാണല്ലോ വി. ഫ്രാൻസിസ് അസീസി "എല്ലായ്പ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക". എന്നു പറഞ്ഞത്. ഈ വാക്കുകൾ സൂചിപ്പിക്കുന്നത് വചനം നിൻ്റെ ജീവിത ശൈലി (Life Style) ആകണമെന്നാണല്ലോ.

ആധുനിക ലോകം പലപ്പോഴും ലൗകിക ശക്തികളിൽ (പണം, ശ്രേയസ്, അധികാരം) അഭയം തേടുന്നു. എന്നാൽ പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നത് യഥാർത്ഥ രക്ഷ ദൈവവചനത്തിലാണെന്നാണ്. ദുഃഖത്തിലും രോഗത്തിലും തളരുന്നവർക്ക് പ്രത്യാശ നൽകുന്ന 'ദൈവശക്തി'യാണത്. അതിനാൽ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാതെ, അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »