News
ദൈവവചനത്തിന്റെ നിക്ഷേപം സഭയുടെയും നമ്മുടെയും കൈയിലാണ്, സംരക്ഷിക്കുന്നത് തുടരണം: ലെയോ പാപ്പ
പ്രവാചകശബ്ദം 28-01-2026 - Wednesday
വത്തിക്കാന്‍ സിറ്റി: ദൈവവചനത്തിന്റെ നിക്ഷേപം ഇന്നു സഭയുടെയും നമ്മുടെയും കൈകളിലാണെന്നും വിവിധ സഭാ ശുശ്രൂഷകളിൽ നാമെല്ലാവരും, ചരിത്രത്തിന്റെയും നിലനിൽപ്പിന്റെയും സങ്കീർണ്ണതയിലൂടെയുള്ള യാത്രയിൽ വഴികാട്ടുന്ന ഒരു നക്ഷത്രം പോലെ, സമഗ്രതയിൽ അതിനെ സംരക്ഷിക്കുന്നത് തുടരണമെന്നു ലെയോ പാപ്പ. ജനുവരി ഇരുപത്തിയെട്ടാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ.
"അപ്പോസ്തലിക ഉത്ഭവമുള്ള പാരമ്പര്യം പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സഭയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നു" എന്നു രണ്ടാം വത്തിക്കാന്‍ കൗൺസിൽ സ്ഥിരീകരിക്കുന്നു (ദേയി വെർബും 8). എല്ലാറ്റിനുമുപരി, "സത്യത്തിന്റെ തെറ്റാവരം" ലഭിച്ച അപ്പസ്തോലന്മാരുടെ പിൻഗാമികളുടെ പ്രസംഗത്തിലൂടെയും ഈ വളർച്ച സംഭവിക്കുന്നുണ്ട്. ചുരുക്കത്തിൽ, സഭ, അവളുടെ പ്രബോധനത്തിലും, ജീവിതത്തിലും ആരാധനയിലും, തലമുറ തലമുറയായി സഭ തന്നെത്തന്നേയും, താൻ വിശ്വസിക്കുന്നവരെയും എന്നും നിലനിർത്തുകയും, എല്ലാ തലമുറകൾക്കുമായി പകർന്നു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു." (ദേയി വെർബും 8)
അപ്പോസ്തലനായ പൗലോസ് തന്റെ ശിഷ്യനും സഹകാരിയുമായ തിമോത്തിയോസിനെ ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നു:
"തിമോത്തിയേ, നിന്നെ ഏൽപ്പിച്ചിരിക്കുന്ന നിക്ഷേപം കാത്തുസൂക്ഷിക്കുക" (1 തിമോത്തി 6:20, 2 തിമോത്തി 1:12,14). "വിശുദ്ധ പാരമ്പര്യവും, വിശുദ്ധ തിരുവെഴുത്തും സഭയെ ഏൽപ്പിച്ചിരിക്കുന്ന ദൈവവചനത്തിന്റെ ഒരൊറ്റ നിക്ഷേപമാണ്" എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ദേയി വെർബും (ദൈവവചനം) പ്രമാണരേഖ പ്രസ്താവിക്കുമ്പോൾ വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാചകം പ്രതിധ്വനിക്കുന്നു. ഈ അധികാരം യേശുക്രിസ്തുവിന്റെ നാമത്തിലാണ് പ്രയോഗിക്കപ്പെടുന്നത്.
"നിക്ഷേപം" എന്നത് അതിന്റെ യഥാർത്ഥ രൂപത്തിൽ, നിയമപരമായ സ്വഭാവമുള്ള ഒരു പദമാണ്. ഉള്ളടക്കം സംരക്ഷിക്കാനും അത് കേടുകൂടാതെ കൈമാറാനുമുള്ള കടമ നിക്ഷേപകനിൽ ചുമത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ ഈ നിക്ഷേപം വിശ്വാസവും, അതിനെ കേടുകൂടാതെ കൈമാറാനുള്ള കടമയുമാണ്. ദൈവവചനത്തിന്റെ "നിക്ഷേപം" ഇന്നു സഭയുടെയും ,നമ്മുടെയും കൈകളിലാണ്, നമ്മുടെ വിവിധ സഭാ ശുശ്രൂഷകളിൽ നാമെല്ലാവരും, ചരിത്രത്തിന്റെയും നിലനിൽപ്പിന്റെയും സങ്കീർണ്ണതയിലൂടെയുള്ള യാത്രയിൽ വഴികാട്ടുന്ന ഒരു നക്ഷത്രം പോലെ, അതിന്റെ സമഗ്രതയിൽ അതിനെ സംരക്ഷിക്കുന്നത് തുടരണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















