News - 2026
ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ ജനുവരി 16 മുതല്‍ നൊവേന പ്രാര്‍ത്ഥനയുമായി യുഎസ് മെത്രാന്‍ സമിതി
പ്രവാചകശബ്ദം 08-01-2026 - Thursday
ന്യൂയോര്‍ക്ക്: ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി. ജനുവരി 16 വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി 24ന് അവസാനിക്കുന്ന "9 ഡേയ്‌സ് ഫോർ ലൈഫ്" പ്രാർത്ഥന ചൊല്ലുവാനാണ് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (യുഎസ്‌സിസിബി) പ്രോലൈഫ് പ്രവർത്തനങ്ങളുടെ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 22ന് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള വാർഷിക പ്രാർത്ഥനാ ദിനാചരണത്തിന്റെ ഭാഗമായാണ് നൊവേനയ്ക്കു ആഹ്വാനം.
14-ാം തവണയാണ് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടിയുള്ള നിയോഗാര്‍ത്ഥം നൊവേന നടക്കുന്നത്. നൊവേന ആരംഭിച്ചതിനുശേഷം, ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പ്രാർത്ഥന എത്തിയിട്ടുണ്ടെന്ന് യുഎസ് മെത്രാന്‍ സമിതി അറിയിച്ചു. ഗർഭഛിദ്രം അവസാനിപ്പിക്കുക എന്നതാണ് നൊവേനയുടെ പ്രധാന ലക്ഷ്യം. അമ്മമാർ, പിതാക്കന്മാർ, ഗർഭഛിദ്രങ്ങളിൽ ഏര്‍പ്പെടുന്നവര്‍, പൗര നേതാക്കൾ, പ്രോലൈഫ് പ്രവർത്തകർ എന്നിവർക്കും വേണ്ടിയുള്ള പ്രാർത്ഥനകളും നൊവേനയുടെ ഭാഗമാണ്. ഇടവകകളിലും സ്കൂളുകളിലും ശുശ്രൂഷകളിലും നൊവേന ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും യുഎസ് മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരികയാണ്.
ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നൽകുന്ന റോ v. വേഡ് സുപ്രീം കോടതി വിധിയുടെ 40-ാം വാർഷികമായ 2013-ലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ആദ്യമായി നൊവേന ആരംഭിച്ചത്. ഗർഭഛിദ്രം നിയമവിധേയമാക്കിയതിനെത്തുടർന്ന്, ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ദശലക്ഷക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും ഗർഭഛിദ്രം മൂലം മുറിവേറ്റിരിന്നുവെന്നും യുഎസ് മെത്രാന്‍ സമിതി അനുസ്മരിച്ചു. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനത്തിൽ, വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും മാംസം വർജ്ജിക്കുവാനും ദിവ്യകാരുണ്യ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ഉപവസിക്കുവാനും യുഎസ് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

















