News - 2026

കന്യകാമറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ മാറ്റിമറിച്ചു: ചരിത്രത്തിലാദ്യമായി അമലോത്ഭവ തിരുനാളില്‍ സന്ദേശവുമായി യു‌എസ് പ്രസിഡന്‍റ്

പ്രവാചകശബ്ദം 09-12-2025 - Tuesday

വത്തിക്കാന്‍ സിറ്റി: കന്യകാമറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണ്ണ കൃതജ്ഞതയോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുകയാണെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു.

1792-ൽ, വിപ്ലവ യുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ചാൾസ് കരോളിന്റെ ബന്ധുവുമായ ബിഷപ്പ് ജോൺ കരോൾ, രാഷ്ട്രത്തെ ക്രിസ്തുവിന്റെ അമ്മയ്ക്ക് സമർപ്പിച്ചു. കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയാൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ജനറൽ ആൻഡ്രൂ ജാക്‌സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു. വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും

മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു. എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ, മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »