News - 2026

തിരുപിറവിയുടെ സ്മരണയില്‍ ക്രിസ്തുമസിന് തയാറെടുത്ത് ലോകം

പ്രവാചകശബ്ദം 24-12-2025 - Wednesday

വത്തിക്കാന്‍ സിറ്റി/ കൊച്ചി: തിരുപിറവിയുടെ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുർബാനയോടെയാണ് തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. കർത്താവിന്റെ ജനന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുപിറവിയുടെ കര്‍മ്മങ്ങള്‍ നടക്കുക. പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള മാര്‍പാപ്പയുടെ ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദം നാളെ ക്രിസ്തുമസ് ദിനത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.20നു നല്‍കപ്പെടും. യൂട്യൂബിലൂടെയും ടെലിവിഷനിലൂടെയും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.

കേരളത്തിലെ പ്രധാന ദേവാലയങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് തുടങ്ങിയവർ കാർമികരാകും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ്‌ തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്‌തുമസ്‌ കരോളും ഉണ്ടാകും. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ ഇന്ന് രാത്രി 11.30നു നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്നു രാത്രി 11.30 ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. നാളെ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാന. വഴുതക്കാട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്നു രാത്രി 11ന് ആഘോഷമായ ക്രിസ്‌തുമസ് ദിവ്യബലി. നാളെ രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകുന്നേരം നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും. ദേവാലയങ്ങളില്‍ പുല്‍ക്കൂടും അലങ്കാരങ്ങളും തയാറായി കഴിഞ്ഞു. ഇതിനിടെ സാന്താ ക്ലോസിനും ട്രീയ്ക്കും പകരം ക്രിസ്തുമസ് ആശംസകളില്‍ തിരുപിറവിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൈമാറണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയായില്‍ ശക്തമാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »