News - 2026

കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്ന് യുഎഇ മന്ത്രി

പ്രവാചകശബ്ദം 08-01-2026 - Thursday

അബുദാബി: അബുദാബിയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്നു യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങുകളിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നേരിട്ടെത്തുകയായിരിന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുത, സഹവർത്തിത്വം, മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിന് നല്‍കുന്ന ആദരവിന് അബുദാബിയിലെ സെന്റ് ആന്റണീസ് കത്തീഡ്രല്‍ വികാരി ഫാ. ബിഷോയ് ഫക്രി അഭിനന്ദനവും കൃതജ്ഞതയും പ്രകടിപ്പിച്ചു.

നഹ്യാൻ ബിൻ മുബാറക്കിനെ ഊഷ്മളമായി സ്വാഗതം ചെയ്ത ഫാ. ബിഷോയ്, ക്രിസ്മസ് ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും സ്നേഹവും നന്ദിയും അറിയിച്ചു. യുഎഇയുടെ ആഴമായ മാനുഷിക സമീപനത്തെയും വ്യത്യസ്ത മതങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹിഷ്ണുത, മനുഷ്യ സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതിന്റെ ഉറച്ച പ്രതിബദ്ധതയെയും മന്ത്രിയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്നും, രാജ്യത്ത് സഭയ്ക്കും ഈജിപ്ഷ്യൻ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു.



ക്രിസ്തുമസ് പ്രാർത്ഥനകൾ വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയാണെന്നും നന്മ, കാരുണ്യം, സഹിഷ്ണുത, സഹവർത്തിത്വം, ആഗോള അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാർവത്രിക മാനുഷിക മൂല്യങ്ങളെ സ്ഥിരീകരിക്കുകയാണെന്നും ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി നഹ്യാൻ ബിൻ മുബാറക് ഊന്നിപ്പറഞ്ഞു. ശക്തവും ഒത്തൊരുമയുള്ളതുമായ ഒരു സമൂഹത്തിന് പ്രാർത്ഥന, ദൈവത്തോടുള്ള നന്ദി, വിശ്വാസം എന്നിവ അനിവാര്യമായ അടിത്തറകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡൻഷ്യൽ കോർട്ടിലെ ജുഡീഷ്യൽ, മതകാര്യ ഉപദേഷ്‌ടാവ് കൗൺസിലർ അലി ബിൻ അൽ സയ്യിദ് അബ്‌ദുൾറഹ്‌മാൻ അൽ ഹാഷെമി, യുഎഇയിലെ ഈജിപ്ത് അംബാസഡർ എസ്സാം അഷൂർ, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്റ്സ് പ്രതിനിധികൾ, കോപ്റ്റിക് ഓർത്തഡോക്‌സ് വൈദികര്‍, ക്രിസ്ത്യൻ വിഭാഗങ്ങളുടെ തലവന്മാർ, ബിസിനസുകാർ, ഈജിപ്ഷ്യൻ എംബസി അംഗങ്ങൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »