India - 2026
ക്രിസ്‌തുമസ് ആഘോഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം മതനിരപേക്ഷതയ്ക്കു വെല്ലുവിളി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 24-12-2025 - Wednesday
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവരെയും ക്രിസ്‌തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന അക്രമങ്ങളും അസഹിഷ്‌ണുതയും രാജ്യത്തിന്റെ ബഹുസ്വരമായ സംസ്കാരത്തിനും മതനിരപേക്ഷമായ ആത്മാവിനും എതിരേയുള്ള വെല്ലുവിളിയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്‌തുമസ് ആഘോഷങ്ങൾ തടസപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ചതല്ല. രാജ്യത്തിന്റെ ഭരണ ഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്‌ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ട്. മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം.
അതോടൊപ്പം, നിയമം കൈയിലെടുക്കുന്ന എല്ലാ മത, തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തി ന്റെ കടമയാണ്. എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുകയും ഭയംകൂടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോയുള്ള വേർതിരിവില്ലാതെ എല്ലാവർക്കും തുല്യമായ അവകാശമുണ്ട്. മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ചു ചെറുക്കേണ്ട സമയമാണിത്.
ലോകത്തിനു നന്മമാത്രം നൽകിക്കൊണ്ടു ചരിത്രത്തിൽ അവതരിച്ച ഈശോമിശിഹായുടെ ജനനത്തിരുനാൾ സമാധാനപൂർവം ആഘോഷിക്കുന്നതിനിടയിൽ വിശ്വാസത്തിനുവേണ്ടി അപമാനിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്‌ത എല്ലാവരോടുമുള്ള ഐക്യദാർഢ്യം അറിയിക്കുന്നു. ന്യായീകരിക്കാനാകാത്തതും ഒരിക്കലും അംഗീകരിക്കാനാകാത്തതുമായ ഈ വിദ്വേഷ പ്രകടനങ്ങൾക്കുമുന്നിൽ സുവിശേഷധീരതയോടെ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മേജർ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















