News - 2026
വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി യുഎസ് സന്ദർശനം നടത്താന്‍ ജെറുസലേം പാത്രിയാർക്കീസ്
പ്രവാചകശബ്ദം 04-12-2025 - Thursday
ഡെട്രോയിറ്റ്/ ജെറുസലേം: വിശുദ്ധ നാട്ടിൽ കഷ്ടപ്പെടുന്ന ക്രൈസ്തവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി യുഎസ് സന്ദർശനം നടത്താന്‍ ജെറുസലേം പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബെല്ല. ഇന്നു ഡിസംബർ 4 മുതൽ ആരംഭിക്കുന്ന സന്ദര്‍ശനം 7 വരെ നീളും. ഡെട്രോയിറ്റ് അതിരൂപതയിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തുക. പ്രാദേശിക അറബ് ക്രിസ്ത്യാനികളുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് പാത്രിയർക്കീസിനെ ക്ഷണിച്ചതെന്ന് അതിരൂപതയുടെ വൈസ് ചാൻസലർ ഫാ. ആദം നൊവാക് വിശദീകരിച്ചു. വിശുദ്ധ നാട്ടിലെ പാത്രിയാര്‍ക്കീസിനെ സ്വീകരിക്കുന്നതിലൂടെ വിശുദ്ധ നാട്ടിൽ കഷ്ടപ്പെടുന്ന ക്രൈസ്തവ സഹോദരീസഹോദരന്മാരോടുള്ള അടുപ്പം പ്രകടിപ്പിക്കാൻ ശ്രമിക്കുമെന്ന് ഫാ. നൊവാക് പറഞ്ഞു.
നാളെ ഡിസംബർ 5ന്, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിനും വിശുദ്ധ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി ഡെട്രോയിറ്റിലെ ആർച്ച് ബിഷപ്പ് എഡ്വേർഡ് വീസൺബർഗർ ഒരുക്കുന്ന അത്താഴ വിരുന്നിൽ കർദ്ദിനാൾ പിസബെല്ല സന്ദേശം നല്‍കും. സൈപ്രസ്, ഇസ്രായേൽ, ജോർദാൻ, പലസ്തീൻ എന്നിവിടങ്ങളിലെ ലാറ്റിൻ, മെൽക്കൈറ്റ് കത്തോലിക്കരുടെ മേല്‍ അധികാരമുള്ള സഭാതലവനാണ് പാത്രിയാര്‍ക്കീസ് പിസബെല്ല. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ദയനീയ സ്ഥിതി മനസിലാക്കുന്നതിലൂടെ ആളുകള്‍ക്ക് തുറവിയോടെ ജനതയെ ചേര്‍ത്തുപിടിക്കാന്‍ കഴിയുമെന്ന് ഡെട്രോയിറ്റ് ആര്‍ച്ച് ബിഷപ്പ് വീസൺബർഗർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒക്ടോബറിൽ, ഗാസയെ സഹായിക്കാനുള്ള ആർച്ച് ബിഷപ്പിന്റെ ആഹ്വാനത്തോട് അതിരൂപതയിലെ കത്തോലിക്കർ ഉദാരമായി പ്രതികരിച്ചിരിന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി 462,000 ഡോളറിലധികം തുകയുടെ സംഭാവനയാണ് അതിരൂപത നൽകിയത്. ഡെട്രോയിറ്റ് അതിരൂപതയിൽ എട്ട് കൽദായ ഇടവകകളുണ്ടെന്നും ഇറാഖില്‍ വർഷങ്ങളോളം യുദ്ധത്തിലും സംഘർഷത്തിലും ദുരിതമനുഭവിച്ച കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഈ സന്ദർശനം പ്രാധാന്യമർഹിക്കുന്നതാണെന്നും ഫാ. ഷമ്മാമി പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















