News
88-ാം വയസ്സിലും സൈക്കിള്‍ ചവിട്ടിയെത്തി ശുശ്രൂഷ; ബംഗ്ലാദേശിലെ "ബോബ് ഭായ്" അച്ചന്റെ ശുശ്രൂഷ 50 പിന്നിട്ടു
പ്രവാചകശബ്ദം 02-12-2025 - Tuesday
ധാക്ക: ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച് 88-ാം വയസ്സിലും സജീവ മിഷന്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്ക വൈദികന്‍ ശ്രദ്ധ നേടുന്നു. "ബോബ് ഭായ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന ഫാ. റോബർട്ട് ടെറൻസ് മക്കാഹിൽ എന്ന വയോധികനായ വൈദികനാണ് പ്രായത്തിന്റെ വെല്ലുവിളികളെ പോലും അതിജീവിച്ച് സൈക്കിളില്‍ ഗ്രാമങ്ങളിലൂടെ ചുറ്റിസഞ്ചരിച്ച് കണ്ണീരൊപ്പുന്നത്. അമേരിക്കന്‍ സ്വദേശിയായ ഫാ. റോബർട്ട്, 1975-ൽ ബംഗ്ലാദേശില്‍ എത്തിയതിനുശേഷം, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും വികലാംഗരായ കുട്ടികൾക്കും നിരാലംബരായ കുടുംബങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരിന്നു.
ശ്രീനഗറിലെ മുൻഷിഗഞ്ചിനടുത്തുള്ള സ്കൂൾ കെട്ടിടത്തിൽ 5 x 8 അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയിലാണ് അദ്ദേഹത്തിന്റെ ലളിതജീവിതം. ഒരു മരക്കട്ടിലും കൊതുകുവലയും മണ്ണെണ്ണ സ്റ്റൗവും സൈക്കിളും മാത്രമേ സ്വന്തമായുള്ളൂ. ബംഗ്ലാദേശിലെ ഗ്രാമീണ മേഖലകളിലൂടെ ദിവസവും 12 മുതൽ 15 മൈൽ വരെ സഞ്ചരിക്കുന്ന ഈ വയോധിക വൈദികന്‍ പാവങ്ങളില്‍ ക്രിസ്തുവിനെ കണ്ടുക്കൊണ്ടാണ് അവരുടെ കണ്ണീരൊപ്പുന്നത്. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികളുള്ള വീടുകളാണ് "ബോബ് ഭായ്" എന്ന ഈ വൈദികന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലം.
ആരോഗ്യ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചിടുന്ന ഓട്ടിസം ഉള്‍പ്പെടെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന പാവപ്പെട്ട കുട്ടികളെ ചേര്‍ത്തുപിടിച്ചും അവരുടെ ചികിത്സയ്ക്കു സഹായം നല്‍കിയും കുടുംബങ്ങളെ പിന്തുണയ്ക്കുകയാണ് ഈ വൈദികന്‍. ചില ദിവസങ്ങളില്‍ താന്‍ സന്ദര്‍ശിക്കുന്നിടങ്ങളിലെ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നു മനസിലാക്കുമ്പോള്‍ അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും ഈ സൈക്കിൾ തന്നെയാണ് ഈ വൈദികന്‍ ഉപയോഗിക്കുന്നത്. "ബോബ് ഭായ്" അച്ചന്റെ സ്നേഹവും സഹായവും ലഭിച്ച ആയിരങ്ങളാണ് മുൻഷിഗഞ്ചിലുള്ളത്.
ഫാർമന്‍ എന്ന ഒരു പാവപ്പെട്ട മനുഷ്യന്റെ ചെറുമകൻ റാകിബുൾ (8) ജനിച്ചതു നിരവധി വൈകല്യങ്ങളോടെയായിരിന്നു. നടക്കാനോ സംസാരിക്കാനോ അവന് കഴിയുമായിരിന്നില്ല. അമ്മ വേറെ ഒരാളെ വിവാഹം കഴിച്ചതോടെ അച്ഛൻ അവനെ ഉപേക്ഷിച്ചു. മുത്തച്ഛനൊപ്പമാണ് ഈ കുട്ടി താമസിക്കുന്നത്. തന്റെ ചെറുമകന് ഇന്നു കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അതിനു ഏകകാരണം ബോബ് ഭായിയുടെ ഇടപെടലാണെന്നും മുത്തച്ഛന്‍ പറയുന്നു.
പല സ്ഥലങ്ങളിലും ചികിത്സയ്ക്ക് വിധേയനായ ശേഷം, ഫാ. ബോബ് ഭായിയുടെ ഇടപെടലിനെ തുടര്‍ന്നു റാകിബുൾ ഇപ്പോൾ ധാക്കയിൽ ചികിത്സ തേടുന്നത്. സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തിയത് വൈദികനാണെന്നും കൊച്ചുമകന് കാര്യമായ പുരോഗതി വന്നിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ അര നൂറ്റാണ്ടിനിടെ വൈദികന്റെ സ്നേഹവും കരുതലും ലഭിച്ച ആയിരങ്ങളാണ് ബംഗ്ലാദേശിലെ ശ്രിനഗറിലുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?





















