News - 2026

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര്

പ്രവാചകശബ്ദം 20-10-2025 - Monday

ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കിയ ഭരണകൂട നടപടി ശ്രദ്ധ നേടുന്നു. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിലെ മെട്രോ സ്റ്റേഷനാണ് പേർഷ്യൻ ഭാഷയിൽ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. പുതുതായി നവീകരിച്ച സ്റ്റേഷൻ ക്രിസ്ത്യൻ പ്രമേയമുള്ള രൂപം സഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സർക്കിസ് അർമേനിയൻ കത്തീഡ്രലിന് സമീപമാണ് പുതിയ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ലൈൻ 6 ന്റെ ഭാഗമായ ഈ സ്റ്റേഷൻ, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. കന്യകാമറിയം, ക്രിസ്തു, സെന്റ് സാർക്കിസ് കത്തീഡ്രൽ എന്നിവയുടെ ചിത്രങ്ങൾ ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ രൂപങ്ങളുടെ ചുവർച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്.

ഇറാനിലെ ജനസംഖ്യയുടെ 99 ശതമാനവും ഇസ്ലാം മതസ്ഥരാണ്. ക്രൈസ്തവര്‍ വെറും 1 ശതമാനം മാത്രമാണ്. ആർട്ടിക്കിൾ 13 അനുസരിച്ച്, ഇറാന്റെ ഭരണഘടന ക്രൈസ്തവ വിശ്വാസികളെയും യഹൂദരെയും മത ന്യൂനപക്ഷങ്ങൾ ആയി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ രാജ്യത്തു വലിയ വിവേചനം നേരിടുന്നുണ്ട്. മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »