News
ഒന്നര പതിറ്റാണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മെത്രാന്‍ വിടവാങ്ങി
പ്രവാചകശബ്ദം 05-11-2025 - Wednesday
ബെയ്ജിംഗ്: വത്തിക്കാനോടുള്ള വിശ്വസ്തതയുടെ ഭാഗമായി ചൈനയിലെ ഭൂഗര്‍ഭ കത്തോലിക്ക സഭയില്‍ സേവനം ചെയ്തതിന്റെ പേരില്‍ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ബിഷപ്പ് ജൂലിയസ് ജിയ ഷിഗുവോ അന്തരിച്ചു. 91 വയസ്സായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലുള്ള ചൈനീസ് ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങളും തടവും ഏറ്റുവാങ്ങിയ അദ്ദേഹം, വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ആഴ്ച അന്തരിച്ചത്. ബിഷപ്പ് ജിയ ദൈവത്തിന്റെ വിശ്വസ്ത ദാസനായിരുന്നുവെന്നും വിശ്വാസത്തിനുവേണ്ടി അധികാരത്തെ ഭയപ്പെടാത്തവനും, അവസാനം വരെ സ്ഥിരോത്സാഹം കാണിച്ചവനുമായിരുന്നുവെന്നും ഒരു രൂപത വൈദികന്‍ യുസിഎ ന്യൂസിനോട് പറഞ്ഞു.
ജിൻഷൗവിലെ വുഖിയു വില്ലേജിലാണ് ബിഷപ്പ് ജിയയുടെ ജനനം. 1980-ൽ തിരുപ്പട്ടം സ്വീകരിച്ചു. ഒരു വർഷത്തിനുശേഷം ബയോഡിംഗിലെ ബിഷപ്പ് ജോസഫ് ഫാൻ സൂയാൻ അദ്ദേഹത്തെ ഷെങ്‌ഡിംഗിലെ ബിഷപ്പായി അഭിഷേകം ചെയ്തു. വത്തിക്കാനുമായി ഐക്യത്തിലുള്ള ഭൂഗര്‍ഭ രൂപതയുടെ അധ്യക്ഷനായിട്ടായിരിന്നു മെത്രാന്‍ പട്ടം. തികച്ചും രഹസ്യമായിട്ടാണ് അഭിഷേക കര്‍മ്മം നടന്നത്. പിന്നീട് ഇക്കാര്യം അറിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രമായി കത്തോലിക്ക വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കാന്‍ സർക്കാർ സ്ഥാപിച്ച ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ (സിപിസിഎ) ചേരാന്‍ സമ്മർദ്ധം നല്‍കി. ഇതിനെ ബിഷപ്പ് ജിയ തന്റെ ചെറുത്തുനിന്നു.
അനാഥ കുട്ടികൾക്കായി അദ്ദേഹം ഹെബെയിൽ ഒരു അനാഥാലയം സ്ഥാപിച്ചു. സർക്കാർ അംഗീകാരമില്ല എന്ന കാരണം നിരത്തി 2020 ൽ അധികൃതർ അത് പൊളിച്ചുമാറ്റി. മാര്‍പാപ്പയോടുള്ള കൂറ് ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് ഏകദേശം 15 വർഷമാണ് അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ജയിലിൽ ക്രൂരമായ പീഡനത്തിന് അദ്ദേഹം ഇരയായി. ജയിലിലെ സെല്ലില്‍ വെള്ളം നിറച്ചാണ് അദ്ദേഹത്തെ പാര്‍പ്പിച്ചതെന്ന് വെളിപ്പെടുത്തലുണ്ടായിരിന്നു. ഇത് വേദനാജനകമായ അസ്ഥിരോഗത്തിലേക്ക് നയിച്ചു. നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹത്തിന് മോചനം ലഭിക്കുന്നത്.
ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















