News - 2026

ചൈനയില്‍ അകാരണമായി അറസ്റ്റ് ചെയ്ത 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ധവുമായി അമേരിക്ക

പ്രവാചകശബ്ദം 13-10-2025 - Monday

ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭകളിലൊന്നായ ജിൻ മിംഗ്രിയിലെ 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കുവാന്‍ ഇടപെടലുമായി അമേരിക്ക. വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡുകളിൽ ഇവരെ അറസ്റ്റ് ചെയ്തതെന്ന് ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തി ശനിയാഴ്ച പുലർച്ചെയോടെ അകാരണമായി അറസ്റ്റ് ചെയ്തതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവവിശ്വാസത്തെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നു വിലയിരുത്തുന്നു.

സർക്കാർ അംഗീകൃത പള്ളികളിൽ മാത്രം ചേരാനും പാർട്ടിയില്‍ അംഗമാകാനും രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ വളരെക്കാലമായി സമ്മർദ്ധം ചെലുത്തുന്നുണ്ട്. നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന തടവുകാരുടെ മേൽ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരത്തിലുള്ള ആസൂത്രിത പീഡനം സഭയെ അപമാനിക്കുന്നത് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടുള്ള പൊതു വെല്ലുവിളി കൂടിയാണെന്നു സിയോൺ ചർച്ച് വ്യക്തമാക്കി. ഇന്നലെ ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനയോട് സഭാ നേതാക്കളെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു.

വിശ്വാസത്തിൽ പാർട്ടി ഇടപെടൽ നടത്തുന്നത് അപലനീയമാണെന്നും ക്രിസ്ത്യാനികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ശത്രുത പുലർത്തുന്നുവെന്നു ഇത് തെളിയിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. 2013 മുതല്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »