News - 2026
ക്രൈസ്തവരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുക, ഇല്ലെങ്കില്‍ സഹായം നിര്‍ത്തലാക്കും, സൈനീക നടപടി; നൈജീരിയയ്ക്കു ട്രംപിന്റെ മുന്നറിയിപ്പ്
പ്രവാചകശബ്ദം 02-11-2025 - Sunday
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇസ്ലാമിക തീവ്രവാദികളെ പൂർണ്ണമായും ഇല്ലാതാക്കാൻ നൈജീരിയയിൽ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.
സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറാകാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രൈസ്തവര്‍ അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (Country of Particular Concern) പട്ടികയിൽപെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ സഹായം അവസാനിപ്പിച്ച് സൈനീക നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടന അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. 7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേർ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
2009 മുതൽ 1,25,009 ക്രൈസ്തവർ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലയില്‍ ലോക നേതാക്കള്‍ അപകടകരമായ മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ശക്തമായിരിന്നു. ഇതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് പ്രസിഡന്‍റായപ്പോഴും നൈജീരിയന്‍ ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















