News
ട്രംപിന്റെ ഐവിഎഫ് അനുകൂല നയത്തെ വീണ്ടും അപലപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 21-10-2025 - Tuesday
കാലിഫോര്‍ണിയ: സന്താനോത്പാദനത്തിന് എന്ന പേരില്‍ എണ്ണമറ്റ മനുഷ്യജീവനുകൾ ഇല്ലാതാക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) വ്യാപകമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ വീണ്ടും അപലപിച്ച് യുഎസ് കത്തോലിക്കാ ബിഷപ്പുമാർ. ഐവിഎഫ് മരുന്നുകളുടെ വില കുറയ്ക്കുന്നതിനായി സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായും പുതിയ മരുന്നിന്റെ അവലോകനം വേഗത്തിലാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് ദശലക്ഷക്കണക്കിന് ഭ്രൂണങ്ങള്‍ നശിപ്പിക്കപ്പെടുന്ന അധാര്‍മ്മിക ചികിത്സയ്ക്കെതിരെ മെത്രാന്മാര്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും മെത്രാന്മാര്‍ ഐവിഎഫിനെ അപലപിച്ച് രംഗത്ത് വന്നിരിന്നു.
➤ MUST WATCH: കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. (വാര്‍ത്ത താഴെ തുടരുന്നു..) ➤
വിലയേറിയ മനുഷ്യ ജീവനെ മരവിപ്പിക്കുകയോ നശിപ്പിക്കുകയോ സ്വത്ത് പോലെ പരിഗണിക്കുകയോ ചെയ്യുന്ന ഐവിഎഫ് ചികിത്സ രീതിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ അപലപിക്കുകയാണെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി (USCCB) അടുത്തിടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറിച്ചു. ഓരോ മനുഷ്യജീവനും പവിത്രവും ദൈവത്താൽ സ്നേഹിക്കപ്പെടുന്നതുമാണെന്നും ഐവിഎഫ് വിപുലീകരിക്കുന്നതിനുള്ള സർക്കാരിന്റെ തിന്മ നിറഞ്ഞ നടപടികളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു.
ശരീരത്തിനു പുറത്ത്, ഒരു ലബോറട്ടറിയിൽ ബീജവും അണ്ഡവും സംയോജിപ്പിച്ച് മനുഷ്യ ഭ്രൂണങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ സ്ഥാപിക്കുന്ന വിധത്തിലുള്ള ഫെർട്ടിലിറ്റി ചികിത്സയാണ് ഐവിഎഫ്. ഒരു ചികിത്സയ്ക്കിടെ ഇംപ്ലാന്റ് ചെയ്യാത്ത അനേകം ഭ്രൂണങ്ങൾ നശിപ്പിക്കപ്പെടുകയോ ശാസ്ത്രീയ ഗവേഷണങ്ങളിൽ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചികിത്സയിലൂടെ ദശലക്ഷകണക്കിന് ജീവനുകളാണ് നഷ്ട്ടമാകുന്നത്. യുഎസ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള അൽമായർ, വിവാഹം, കുടുംബജീവിതം, യുവജനങ്ങൾ എന്നിവയെക്കുറിച്ചുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് റോബർട്ട് ബാരൺ, മതസ്വാതന്ത്ര്യ സമിതിയുടെ ചെയർമാൻ ബിഷപ്പ് കെവിൻ സി. റോഡ്‌സ്, പ്രോലൈഫ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഡാനിയേൽ ഇ. തോമസ് എന്നിവർ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















