News - 2026

സിറിയയില്‍ ക്രൈസ്തവരെ ആക്രമിച്ച് പ്രദേശത്ത് നിന്ന് തുരുത്താന്‍ ശ്രമം; 2 ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം

പ്രവാചകശബ്ദം 11-10-2025 - Saturday

അനാസ്, സിറിയ: സിറിയയിലെ ഹോംസ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ക്രൈസ്തവരെ തുരുത്താന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളായ വാദി അൽ-നസാര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യൻ നിവാസികൾ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ഇടയിലാണ് കഴിയുന്നതെന്നു സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടയ്ക്കിടെയുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും താഴ്‌വരയിലെ ഭൂരിപക്ഷം ക്രൈസ്തവ സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അവരുടെ വീടുകൾ, ഗ്രാമങ്ങൾ, ഭൂമി എന്നിവ ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടക്കുന്നത്.

അടുത്തിടെ സർക്കാരിന്റെ ജനറൽ സെക്യൂരിറ്റി സർവീസിന്റെ യൂണിഫോം ധരിച്ച് മോട്ടോർ സൈക്കിളുകളിൽ വന്ന നാല് മുഖംമൂടി ധരിച്ച തോക്കുധാരികൾ അനസ് ഗ്രാമത്തിലെ യുവാക്കൾക്ക് നേരെ വെടിവെയ്പ്പ് നടത്തിയതായി 'സിറിയക് പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വിസാം ജോർജ് മൻസൂർ, ഷഫീഖ് റഫീഖ് മൻസൂർ എന്നിവരാണ് വെടിയുണ്ടയ്ക്ക് ഇരയായത്. പിയറി ഹരിഖിസ് എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്.

ആക്രമണത്തിന് പിന്നാലെ സായുധധാരികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ ക്രിസ്ത്യാനികൾക്കും മറ്റ് തദ്ദേശീയ സമൂഹങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ കൊലപാതകമാണെന്ന്‍ ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് അൽ-ഹോസിനെ വാദി അൽ-നസറയുമായി ബന്ധിപ്പിക്കുന്ന റോഡ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%ൽ താഴെ മാത്ര ക്രൈസ്തവരാണ് രാജ്യത്തു കഴിയുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »