News
സിസ്റ്റൈൻ ചാപ്പലില്‍ ചരിത്രം കുറിച്ച് ലെയോ പാപ്പയുടെയും ചാൾസ് രാജാവിന്റെയും എക്യുമെനിക്കല്‍ പ്രാര്‍ത്ഥന
പ്രവാചകശബ്ദം 24-10-2025 - Friday
വത്തിക്കാന്‍ സിറ്റി: പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ചരിത്രത്തില്‍ ആദ്യമായി ആഗോള സഭയുടെ പരമാധ്യക്ഷനും ബ്രിട്ടീഷ് രാജാവും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്കു സിസ്റ്റൈൻ ചാപ്പൽ വേദിയായി. ഇന്നലെ വ്യാഴാഴ്ചയാണ് മൈക്കലാഞ്ചലോയുടെ "ദി ലാസ്റ്റ് ജഡ്ജ്മെന്റ്" എന്ന ചിത്രത്തിന് താഴെ പ്രാര്‍ത്ഥന നടന്നത്. ലെയോ പതിനാലാമൻ മാർപാപ്പ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യോർക്കിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ, ചാൾസ് രാജാവ്, കാമില രാജ്ഞി, ഉന്നത പ്രതിനിധികള്‍ എന്നിവർ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പരിശുദ്ധാത്മാവിനോടുള്ള ഗാനം ഗായകസംഘങ്ങൾ ആലപിച്ചു.
19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കർദ്ദിനാളും ആംഗ്ലിക്കൻ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ ചേരുകയും പിന്നീട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്ത കര്‍ദ്ദിനാള്‍ ന്യൂമാന്റെ ഗീതം തന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധ നേടിയിരിന്നു. 2019-ൽ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത ചാൾസ് രാജാവ്, 1848-ൽ ന്യൂമാൻ സ്ഥാപിച്ച ബർമിംഗ്ഹാം ഓറേറ്ററി സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവ് എന്ന പേരിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.
പ്രാർത്ഥനയ്ക്കിടെ, ഗായകസംഘങ്ങൾ ലാറ്റിനിലും ഇംഗ്ലീഷിലും സങ്കീർത്തനങ്ങൾ 8, 64 എന്നീ അധ്യായങ്ങള്‍ സംഗീതരൂപത്തില്‍ ആലപിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ നിന്നുള്ള (8:22–27) ഭാഗമാണ് ലേഖനപാരായണത്തിന് തെരഞ്ഞെടുത്തത്. ലെയോ പാപ്പയും കോട്രെലും ഒരുമിച്ച് ഇംഗ്ലീഷിൽ സമാപന പ്രാർത്ഥന നടത്തി. കർദ്ദിനാളുമാർ, ബിഷപ്പുമാർ, ആംഗ്ലിക്കൻ പ്രതിനിധികൾ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കത്തോലിക്ക സഭയില്‍ നിന്നു വേര്‍തിരിഞ്ഞുപോയ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവിന്റെയും മാര്‍പാപ്പയുടെയും നേതൃത്വത്തില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?



















