India - 2026
കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സമാപനം ഇന്ന്
പ്രവാചകശബ്ദം 24-10-2025 - Friday
തിരുവനന്തപുരം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 13ന് കാസർഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്തു സമാപിക്കും. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ചേരും. തുടർന്ന് 11ന് ആരംഭിക്കുന്ന ധർണയിൽ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്‌കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, ഫാ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകും.

















