India - 2026
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്; കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ
പ്രവാചകശബ്ദം 17-11-2025 - Monday
കൊച്ചി: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റീസ് ജെ. ബി. കോശി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിൻ്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീ ഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിൻ്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്.
റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥ യാണു കാണിക്കുന്നത്. ആരിൽനിന്നു മറയ്ക്കാനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം. സംഘടിതമായ ഗൂഢാലോചനയും നിസംഗതയും ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുവിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

















