News - 2026
യുവജനങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന്റെ സന്ദേശവുമായി റോമില്‍ വീത്തെ ഫെസ്റ്റിവൽ
പ്രവാചകശബ്ദം 23-10-2025 - Thursday
റോം: തങ്ങളോടുതന്നെയും മറ്റുള്ളവരുമായും ദൈവത്തോടും അനുരഞ്ജനപ്പെടുക എന്ന സന്ദേശം മുന്നോട്ട് വച്ച്, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗായകരെയും കലാകാരന്മാരെയും ഉൾപ്പെടുത്തി വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ കലാസന്ധ്യ ഒരുക്കുന്നു. മറ്റന്നാള്‍ ഒക്ടോബർ 25ന് റോമിലെ ഷൂസ്റ്റർ പാർക്കിലായിരിക്കും ജൂബിലിയുടെ കൂടി ഭാഗമായ പരിപാടി നടക്കുക. സംഗീതനിശ എന്നതിനേക്കാൾ, ലോകത്തെ പ്രധാന തലസ്ഥാനങ്ങളിൽ കലയുടെയും സംഗീതത്തിന്റെയും ആഘോഷമൊരുക്കി, യുവജനങ്ങൾക്കിടയിൽ, അവനവനോടുതന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടാനുള്ള സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഒരു പരിപാടിയാണ് തങ്ങൾ ഒരുക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.
സാംസ്‌കാരിക, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം പൊതുവിഷയങ്ങളെ നോക്കിക്കാണാനും, ഒരുമിച്ച് മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനും, ദൈവസ്നേഹം എല്ലായിടങ്ങളിലും പരത്താനും യുവജനങ്ങളെ ക്ഷണിക്കുന്ന കലാസന്ധ്യയാണ്, "പാലങ്ങൾ അഗ്നിയ്ക്കിരയാക്കാതിരിക്കുക, ഒരു പാലമായി മാറുക" (Don’t burn bridges, become one) എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഇത്തവണത്തെ സംഗമം. 2012-ൽ ആരംഭിച്ചതാണ് വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ. കലയിലൂടെയും, മാധ്യമങ്ങളിലൂടെയും, കലാപരിപാടികളിലൂടെയും സുവിശേഷസന്ദേശം പരത്തിക്കൊണ്ട്, എല്ലാ യുവജനങ്ങളെയും മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിപ്പിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















