India - 2026
റിപ്പോർട്ട് വാസ്‌തവമല്ലെന്നു സെന്‍റ് റീത്താസ് സ്കൂള്‍
പ്രവാചകശബ്ദം 16-10-2025 - Thursday
പള്ളുരുത്തി: പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ശിരോവസ്ത്രധാരണവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ട് വാസ്‌തവമല്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. യൂണിഫോം ചട്ടങ്ങൾ സ്‌കൂളിന്റെ അച്ചടക്ക സംവിധാനത്തിന്റെ ഭാഗമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സ്‌കൂളിന്റെ പ്രിൻസിപ്പൽ, ലീഗൽ അഡ്വൈസർ എന്നിവരാണ് ഇന്നലെ മാധ്യമങ്ങളോടു പ്രതികരിച്ചത്. സ്കൂളിന്റെ നിശ്ചിത യൂണിഫോം ചട്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രവേശന സമയത്തുതന്നെ രക്ഷിതാക്കളെ വ്യക്തമായി അറിയിച്ചതാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.
എല്ലാ വിദ്യാർത്ഥികളും ഒരേ നിയമം പാലിക്കണമെന്നതു നിർബന്ധമാണെന്നും സ്കൂളിന്റെ അനുഷ്ഠാന ചട്ടങ്ങൾ പാലിക്കാതെ വിദ്യാർഥികളെ വേർതിരിക്കുന്നത് ശരിയല്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രിയുടെ നിലപാടിൽ വ്യക്തതയില്ലെന്നും സ്‌കൂളുകളുടെ ഭരണാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലീഗൽ അഡ്വൈസറും അഭിപ്രായപ്പെട്ടു. വിവാദത്തെത്തുടർന്ന് സ്‌കുളിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെമുതൽ സ്‌കൂൾ തുറന്നുപ്രവർത്തിച്ചെങ്കിലും വിദ്യാർത്ഥിനി സ്‌കൂളിൽ എത്തിയില്ല. അസുഖബാധിതയായതിനാലാണു കുട്ടി എത്താതിരുന്നതെന്നാണ് വിവരം.

















