News - 2026

സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ വർഗീയതയ്ക്ക് വളമിട്ട ഉദ്യോഗസ്ഥര്‍; കുറിപ്പുമായി വോയ്സ് ഓഫ് നൺസ്

പ്രവാചകശബ്ദം 15-10-2025 - Wednesday

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറിപ്പുമായി സന്യസ്തരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് നൺസ്. വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ, വാസ്തവ വിരുദ്ധമായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി അനിവാര്യമാണെന്ന് സംഘടന ആവശ്യപ്പെട്ടു. കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ;

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിക്കാതെ പുറത്ത് നിർത്തി എന്ന രീതിയിൽ തെറ്റായ റിപ്പോർട്ട് കൊടുത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയ ആദ്യ ദിവസം സ്കൂളിൽ ആർട്ട് ഡേ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിനി മുഴുവൻ സമയവും ആർട്ട് ഡേ നടക്കുന്ന ഹാളിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയെന്ന കണ്ടുപിടുത്തം റിപ്പോർട്ടിൽ വന്നത്? ആരുടേതാണ് ഈ കുടിലബുദ്ധി?

സ്കൂൾ അധികൃതരുമായി ബന്ധപ്പെടാതെ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞു പത്രസമ്മേളനം നടത്താൻ ബഹു. എംപി ഹൈബി ഈഡന് കഴിഞ്ഞത്?

വിദ്യാർത്ഥിനിയുടെ പിതാവുമായി എംപി നടത്തിയ ചർച്ച തീർച്ചയായും പ്രശ്ന പരിഹാര സാധ്യതകൾ തുറന്നിട്ടിട്ടുണ്ട്. പക്ഷേ, സ്കൂൾ അധികൃതരുമായി വിദ്യാർത്ഥിനിയുടെ പിതാവിന്റെ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ, പ്രശ്നം പരിഹരിച്ചു എന്ന പ്രഖ്യാപനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ എംപി ക്ക് എങ്ങനെ സാധിക്കും?

കോടതിയുടെ മുമ്പിലുള്ള വിഷയത്തിൽ ബഹു. മന്ത്രി വി ശിവൻകുട്ടിക്ക്, ബഹുമാനപ്പെട്ട കോടതികളുടെ 2018, 2022 വർഷങ്ങളിലെ സുപ്രധാന വിധികളെ മാനിക്കാതെ എങ്ങനെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടാനും, നിലവിലെ കോടതി വിധികൾക്ക് വിരുദ്ധമായി ഉത്തരവ് നൽകാനും കഴിയും?

കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, അവരെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തികൊണ്ടു വരിക ഇതാണ് വിദ്യാഭ്യാസരംഗത്ത് സജീവമായ ഞങ്ങളുടെ സമർപ്പിതർ ചെയ്തുവരുന്നത്. തട്ടമിട്ടാലും തട്ടമിട്ടില്ലേലും ഞങ്ങൾ കുഞ്ഞുങ്ങൾക്ക് അറിവും സ്നേഹനിറവും നൽകാൻ ശ്രമിക്കും. പക്ഷേ, ആൾക്കൂട്ടങ്ങളുടെ ആരവം കൊണ്ട് ഭയപ്പെടുത്തിയും മതവ്യത്യാസങ്ങൾ വളർത്തിയും ക്യാമ്പസുകളെ വിഭജിതമാക്കാനുള്ള തൽപ്പര കക്ഷികളുടെ ഗൂഢ നീക്കങ്ങളെ ഞങ്ങൾ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

ഇവിടുത്തെ വിഷയം ഹിജാബോ വസ്ത്രധാരണമോ അല്ല, സാമൂഹികഐക്യവും സമത്വവും സാഹോദര്യവുമാണ്. സൗഹൃദത്തിലും തുറവിയിലും ആദരവിലുമുള്ള സമീപനങ്ങളെ ഇല്ലാതാക്കാം എന്നാരും കരുതരുത്. അടിസ്ഥാനപരമായി ഇതരമതങ്ങളോടുള്ള ആദരവിന്റെ സമീപനമാണ് ഞങ്ങളുടേത്. അത് ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും മാറ്റിയെടുക്കാം എന്ന് ആരും കരുതരുത്. നമ്മെ അകറ്റുന്ന വിഭാഗീയതയുടെ മതിൽക്കെട്ടുകൾ അല്ല, നമ്മെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെ പാലങ്ങളാണ് നാം പണിയേണ്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »