News

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ

പ്രവാചകശബ്ദം 07-10-2025 - Tuesday

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും, അല്ലെങ്കിൽ ക്രൈസ്തവ ജീവിതത്തിൽ അപകടം ഉണ്ടാകുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാൻ പോലീസ് സേനയായ, ജെൻദാർമെരിയയുടെ സ്വർഗീയ മധ്യസ്ഥനായ, വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ചു, ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച വത്തിക്കാൻ ഗാര്‍ഡനിലെ ലൂർദ്‌മാതാവിന്റെ ഗ്രോട്ടോയുടെ സമീപം അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷത്തിനു വേണ്ടി ജ്വലിക്കുന്ന ഹൃദയത്തിനു നാം ഉടമകളാകണമെന്നും പാപ്പ ഓർമ്മപ്പെടുത്തി.

വത്തിക്കാന്റെ സമാധാനപാലകർ എന്ന നിലയിൽ, അംഗങ്ങൾ ചെയ്യുന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല. മറിച്ച് അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള സേവനമാണ്, സുവിശേഷത്തിന്റെ സാക്ഷ്യമാണ്. അതിനാൽ ജീവിത മാതൃക നൽകുവാൻ ഒരിക്കലും മടികാണിക്കരുത്. വിവേകപൂർണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം അപരന് സുരക്ഷിതത്വവും കരുതലും അനുഭവിക്കുവാൻ ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.നിയമത്തിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ മുതിരരുതെന്നും, അധികാരത്തെ പ്രീതിപ്പെടുത്താതെ കാരുണ്യത്തിന്റെ വക്താക്കളാകുവാനും പാപ്പ പോലീസ് സേനയോട് നിര്‍ദ്ദേശിച്ചു.

സ്വാതന്ത്ര്യത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിജ്ഞയാണ് സേനയുടെ ഭാഗമെന്ന നിലയിൽ ഓരോ നിയമപാലകരും എടുത്തിരിക്കുന്നത്. അത് ദൈവത്തിനും സഭയ്ക്കും മുമ്പാകെയുള്ള 'അതെ' എന്ന സ്ഥിരീകരണമാണ്. ജീവിതത്തിലെ സന്തോഷങ്ങൾക്കും, പരീക്ഷണങ്ങൾക്കും ഇടയിൽ എല്ലായ്പോഴും വിശ്വാസം വർദ്ധിക്കുവാൻ അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. സേനയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെയും പാപ്പ നന്ദിയോടെ അഭിവാദ്യം ചെയ്തിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »