News
73 രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങള്‍ മെഡ്ജുഗോറിയില്‍; കൂദാശകളിലൂടെ ക്രിസ്തുവിലേക്ക് മടങ്ങുവാന്‍ പാപ്പയുടെ ആഹ്വാനം
പ്രവാചകശബ്ദം 04-08-2026 - Tuesday
മെഡ്ജുഗോറി: ക്രിസ്തു സാക്ഷ്യവുമായി 73 രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിന് യുവജനങ്ങളുടെ യുവജന സംഗമം ബോസ്നിയ-ഹെർസഗോവിനയിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയിൽ തുടരുന്നു. മെഡ്ജുഗോറിയയിൽ 1989 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര യുവജനോത്സവമാണ് മ്ലാഡിഫെസ്റ്റ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച സംഗമം ആറിന് സമാപിക്കും. യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടമായ കർത്താവിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം സംഗമത്തില്‍ വായിച്ചു.
പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് കർദ്ദിനാൾ പിയത്രോ പരോളിന് അയച്ച സന്ദേശമാണ് വായിച്ചത്. പ്രാർത്ഥനയിലൂടെയും തിരുവചന ശ്രവണത്തിലൂടെയും, കൂദാശകളിലൂടെയും, കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിന്റെ ഭംഗി തിരിച്ചറിയാൻ സാധിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കർത്താവുമായുളള കൂടിക്കാഴ്ച, ഹൃദയത്തിന്റെ ദാഹമകറ്റുകയും, വിശ്വാസജീവിതയാത്ര പുനഃരാരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണെന്ന് പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്.
യഥാർത്ഥ സന്തോഷത്തിന്റെ ഉറവിടം ക്രിസ്തുവാണ്. എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്നതും എന്നാൽ കടന്നുപോകുന്നതുമായ സന്തോഷത്തിനായുള്ള പ്രലോഭനങ്ങളിൽ വീണു പോകരുത്. യേശുവിന്റെ പിന്നാലെയുള്ള യാത്രയിൽ, ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെയും ഹൃദയത്തിന്റെ അസ്വസ്ഥതകളെയും അഭിമുഖീകരിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, സഭയുടെ മാതാവായ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾക്ക് തങ്ങളെത്തന്നെ സമർപ്പിക്കാനും യുവജനങ്ങളെ ലെയോ പാപ്പ ക്ഷണിച്ചു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















