News

ഇടയന്റെ ജീവത്യാഗത്തിന് തിരുസഭയുടെ അംഗീകാരം; വിയറ്റ്നാമില്‍ ആദ്യ വാഴ്ത്തപ്പെട്ട പ്രഖ്യാപനച്ചടങ്ങ്

പ്രവാചകശബ്ദം 03-07-2026 - Friday

ടാക് സെ: ഒന്നാം ഇന്തോചൈന യുദ്ധത്തിനിടെ ഇടവകക്കാരെ രക്ഷിക്കാൻ വീരോചിതമായി സ്വജീവൻ ബലിയർപ്പിച്ച വിയറ്റ്നാമീസ് കത്തോലിക്ക വൈദികന്‍ ഫാ. ഫ്രാൻസിസ് സേവ്യർ ട്രൂങ്ങിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. വിയറ്റ്‌നാമിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിനാണ് ഇന്നലെ ജൂലൈ 2നു മെക്കോങ് ഡെൽറ്റയിലുള്ള കാൻ തോ രൂപതയിലെ ടാക് സേ പള്ളി വേദിയായത്. എഴുപതിനായിരത്തിലധികം കത്തോലിക്ക വിശ്വാസികള്‍ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി ഒരുമിച്ച് കൂടി.

സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റും ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയുമായി എത്തിയ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തിയത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവസ്നേഹത്തോട് പ്രതികരിക്കാൻ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് സേവ്യർ ട്രൂങ് ഡീപ്പിന്റെ ജീവിതം നമ്മെ ക്ഷണിക്കുകയാണെന്നു കർദ്ദിനാൾ ടാഗ്ലെ പറഞ്ഞു.

താൻ നേരിട്ട അപകടങ്ങൾക്കിടയിലും തന്റെ ജനത്തോടൊപ്പം നിലനിന്നതിലൂടെ വാഴ്ത്തപ്പെട്ട സേവ്യർ ട്രൂങ് ധൈര്യവും അനുകമ്പയും അചഞ്ചലമായ വിശ്വാസവും ഒരുപോലെ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി ആർച്ച് ബിഷപ്പ് മാരെക് സാലെവ്സ്കി, വിയറ്റ്നാം, തായ്ലൻഡ്, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള കർദ്ദിനാളുമാരും ബിഷപ്പുമാരും ഏകദേശം രണ്ടായിരത്തോളം വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. ആയിരക്കണക്കിന് സന്യാസിമാരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനയോടെ ഭാഗഭാക്കായി.

1897 ജനുവരി 1ന് ആൻ ജിയാങ് പ്രവിശ്യയുടെ ഭാഗമായ കോൺ ഫൂക്ക് ഇടവകയിലാണ് ട്രൂങ് ബു ജനിച്ചത്. 1924 ൽ വൈദികനായി. 1930-ൽ ടാക് സേ ഇടവക വികാരിയായി നിയമിതനായ അദ്ദേഹം 16 വർഷം അവിടെ ചെലവഴിച്ചു. ലളിതമായ ജീവിത ശൈലി, പൂര്‍ണ്ണ സമർപ്പണത്തോടെയുള്ള സേവനം, ദരിദ്രരോടു കാണിച്ച കാരുണ്യം എന്നിവയിലൂടെ പൊതു സമൂഹത്തിന്റെ ബഹുമാനം അദ്ദേഹം നേടിയിരിന്നു. 1930-ൽ ടാക് സേ ഇടവകയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം, തന്റെ അക്ഷീണമായ പ്രവർത്തനം തുടര്‍ന്നു.

ഒന്നാം ഇന്തോ - ചൈന യുദ്ധത്തിന്റെ പ്രക്ഷുബ്ധാവസ്ഥയിൽ ദുർബലരായ ആളുകളെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും സന്നദ്ധതയും ഏറെ ശ്രദ്ധ നേടി. തന്റെ ഇടവകക്കാരെയും പ്രദേശവാസികളെയും ജീവന്‍ പണയംവെച്ചു അദ്ദേഹം ചേര്‍ത്തുപിടിച്ചു. 1946 മാർച്ച് 12-ന്, ഫാ. ട്രൂങ് ബുനെയും അദ്ദേഹത്തിന്റെ ഇടവകയിലെ എഴുപതിലേറെപ്പേരെയും പിടികൂടി തടവിലാക്കി. തന്റെ ഇടവകാംഗങ്ങളുടെ മോചനത്തിനായി, അദ്ദേഹം സൈനികരുടെ മുന്നില്‍ സമ്മര്‍ദ്ധം ചെലുത്തി. അന്നുരാത്രി അദ്ദേഹം ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഇടവകാംഗങ്ങൾ യാതൊരു പരിക്കുമേൽക്കാതെ മോചിതരായിരിന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തിന്റെ നാമകരണത്തിന് ലെയോ പാപ്പയാണ് അംഗീകാരം നല്‍കിയത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »