News

വിയറ്റ്നാമിലെ സഭയെ പടുത്തുയര്‍ത്തിയ കർദ്ദിനാൾ ജീൻ ബാപ്റ്റിസ്റ്റ് ദിവംഗതനായി

പ്രവാചകശബ്ദം 24-03-2026 - Tuesday

ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയുടെ മുൻ ആർച്ച് ബിഷപ്പും രാജ്യത്തെ ഏറ്റവും ആദരണീയനായ കത്തോലിക്ക നേതാക്കളിൽ ഒരാളുമായ കർദ്ദിനാൾ ജീൻ-ബാപ്റ്റിസ്റ്റ് ഫാം മിൻ ദിവംഗതനായി. 92-ാം വയസ്സിലാണ് അന്ത്യം. വിയറ്റ്നാമിലെ സഭയെ ശക്തിപ്പെടുത്തുവാന്‍ ഏറെ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് അദ്ദേഹം. ആര്‍ച്ച് ബിഷപ്പിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, അതിരൂപതയിലുടനീളമുള്ള ഇടവക പള്ളികൾ 10 മിനിറ്റ് വിലാപ മണികൾ മുഴക്കി.

1934 മാർച്ച് 5 ന് കാ മൗ പ്രവിശ്യയിൽ ജനിച്ച ഫാം മിൻ മാൻ 1965 ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് അമേരിക്കയിൽ ഉന്നത പഠനം നടത്തി. 1993-ൽ മൈ തോ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം 1998-ൽ ഹോ ചി മിൻ സിറ്റി ആർച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 2003-ൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തി. വിയറ്റ്നാമിലെ കത്തോലിക്കാ സഭയിലെ ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമായിരിന്നു അദ്ദേഹത്തിന്റേത്.

തന്റെ നേതൃത്വകാലത്ത് അജപാലന പരിശീലനം, സാമൂഹിക പ്രതിബദ്ധത, വിശ്വാസികൾക്കുള്ളിലെ ഐക്യം എന്നിവയ്ക്ക് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി. ലളിതമായ ജീവിതശൈലിയും ആഴമേറിയ സമർപ്പണ മനോഭാവവും നാനാജാതി മതസ്ഥരുടെ ശ്രദ്ധ നേടുവാന്‍ കാരണമായി. 61 വർഷത്തെ പൗരോഹിത്യവും, 33 വർഷത്തെ മെത്രാന്‍ പദവിയും, 23 വർഷത്തെ കർദ്ദിനാൾ പദവിയും സ്തുത്യര്‍ഹമായ വിധത്തില്‍ നിര്‍വ്വഹിച്ച ശേഷമാണ് കർദ്ദിനാൾ ജീൻ വിടവാങ്ങിയിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »