News
സുവിശേഷാധിഷ്ഠിതമായ വിശ്വാസയാത്രയിൽ മുന്നോട്ട് പോകാൻ സ്പാനിഷ് സഭയോട് പാപ്പയുടെ ആഹ്വാനം
പ്രവാചകശബ്ദം 09-06-2026 - Tuesday
മാഡ്രിഡ്: വിശ്വാസ പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നു സ്പാനിഷ് സഭയോട് ലെയോ പാപ്പ. സ്പെയിനില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന പാപ്പ, ഇന്നലെ ജൂൺ എട്ടാം തീയതി സ്പെയിനിലെ മെത്രാൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു. കൂട്ടായ്മ വളർത്താനും, യുവജനങ്ങൾക്കുൾപ്പെടെ ഇന്നത്തെ ലോകത്തിന് വിശ്വാസമാർഗ്ഗത്തിൽ വഴികാട്ടിയാകാനും പാപ്പ ആഹ്വാനം ചെയ്തു.
അനാവശ്യമായവ ഒഴിവാക്കി, എന്നാൽ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ച് നാനാത്വം ജീവിക്കുന്ന ഇന്നിന്റെ സമൂഹത്തിൽ കണ്ടുമുട്ടലുകളും സഹകരണവും വളർത്തി മുന്നോട്ട് പോകാൻ പാപ്പ സ്പെയിനിലെ സഭയെ ക്ഷണിച്ചു. യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ സന്ദേശത്തിനിടെ വ്യക്തമാക്കി. ആദ്ധ്യാത്മികമേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പാപ്പ പ്രത്യേകം പരാമർശിച്ചു.
നമ്മുടെ ഈ യാത്രയിൽ പഴമയുടേതായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചും, അനാവശ്യമായ ഭാരങ്ങൾ പേറിയും വിശ്വാസയാത്രയെ ബുദ്ധിമുട്ടേറിയതാക്കാതെ മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാൽ അതേസമയം വിശ്വാസപരമ്പര്യത്തെ മുറുകെപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. സ്വാതന്ത്ര്യവും ധൈര്യവും വിവേകപൂർവ്വം ഉൾച്ചേർത്ത് വേണം മുന്നോട്ട് പോകേണ്ടതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
മെത്രാന്മാർക്ക് ഐക്യം വളർത്താനുള്ള ചുമതലയുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പ, ക്രിസ്തുവുമായും, പത്രോസിന്റെ പിൻഗാമിയുമായും, ആഗോളസഭയുമായും, വൈദികരും രൂപതാസമൂഹവുമായും, സമർപ്പിതരുമായും, വ്യത്യസ്ത സഭാസംഘടനകളുമായുമുൾപ്പെടെ ഐക്യം വളർത്താനുള്ള ചുമതലയാണതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ തീർത്ഥാടനത്തിൽ ഭക്ഷണമായിത്തീരുകയും രക്ഷയിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നവയാണ് തിരുവചനവും വിശുദ്ധ കുർബാനയെന്നും പാപ്പ സന്ദേശത്തിനിടെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️











