News - 2026

ജൂൺ 11ന് അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും

പ്രവാചകശബ്ദം 21-05-2026 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പിട്ടതിന്റെ ഇരുനൂറ്റിയൻപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കാന്‍ അമേരിക്കൻ മെത്രാൻ സമിതി തയാറെടുക്കുന്നു. വരുന്ന ജൂൺ 11-നായിരിക്കും രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുക. ജൂൺ 10 മുതൽ 12 വരെ തീയതികളിൽ ഫ്ലോറിഡയിലെ ഒർലാന്റോയിൽവെച്ച് മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനം നടക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചായിരിക്കും സമര്‍പ്പണം.

അമേരിക്കയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നടക്കുന്ന സുപ്രധാന ചടങ്ങിന് ഒരുക്കമായി 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും 250 കാരുണ്യപ്രവൃത്തികൾ ചെയ്യാനും രാജ്യത്തെ ഇടവകകളെയും വിശ്വാസികളെയും മെത്രാൻ സമിതി ആഹ്വാനം ചെയ്തു. 2024-ൽ പുറത്തിറക്കിയ “ദിലേക്സിത് നോസ്” എന്ന ചാക്രികലേഖനത്തിൽ, ആധുനികസമൂഹത്തിലെ ഉപരി വിപ്ലവത്തിന് മറുമരുന്നായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു.

അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും ഒക്‌ലഹോമ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് പോൾ കോക്‌ലി പ്ലീനറി സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തും. അമേരിക്കയിലേക്കുള്ള അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയും പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. സമർപ്പണച്ചടങ്ങിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിക്ക് മുൻപായി, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ പങ്കുവയ്ക്കപ്പെടും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »